കരുതലോടെ ത്യാഗ സ്മരണയിൽ ഇന്ന് ബലി പെരുന്നാൾ.

ത്യാഗത്തിന്റെയും സഹനത്തിന്റെയും മഹത്വം വിളിച്ചോതുന്ന ആഘോഷമാണ് ബക്രീദ്.

ത്യാഗ സ്‌മരണ പുതുക്കി ഇന്ന് ബലി പെരുന്നാൾ ദിനം. കൊവിഡ് ഭീതിയ്ക്കിടയിൽ പരമാവധി സുരക്ഷാ മുൻകരുതലുകൾ എടുത്താണ് ഇത്തവണ ബലി പെരുന്നാൾ ആഘോഷിക്കുന്നത്. ത്യാഗത്തിന്റെയും സഹനത്തിന്റെയും മഹത്വം വിളിച്ചോതുന്ന ആഘോഷമാണ് ബക്രീദ് അല്ലെങ്കിൽ ബലിപെരുന്നാൾ. ഈദുൽ അദ്‌ഹ എന്നാണ് അറബിയിൽ ബലി പെരുന്നാളിനെ വിശേഷിപ്പിക്കുന്നത്. ബലി എന്നാണ് അദ്ഹയുടെ അര്‍ത്ഥം. ഈദുൽ അദ്‌ഹ എന്നാൽ ബലിപെരുന്നാൾ. ഇസ്ലാമിലെ അഞ്ച് പ്രധാനപ്പെട്ട പുണ്യ കർമ്മങ്ങളിലൊന്നായ ഹജ്ജിന്റെ പ്രധാനപ്പെട്ട ഭാഗങ്ങൾ നിർവ്വഹിക്കപ്പെടുന്ന ദിവസം കൂടിയാണിത്.

പ്രവാചകനായ ഇബ്രാഹിം നബി തന്റെ ആദ്യ മകൻ ഇസ്മായിലിനെ ദൈവ കല്പന മാനിച്ച് ബലിയറുക്കാൻ ശ്രമിച്ചതിൻ്റെ ഓർമ പുതുക്കലാണ് ബലി പെരുന്നാൾ. ഈ സംഭവവുമായി ബന്ധപ്പെട്ടാണ് ഈ പെരുന്നാളിനെ ബലി പെരുന്നാൾ എന്ന് വിശേഷിപ്പിച്ചു തുടങ്ങിയത്. ഈ ദിവസം അറവുമാടുകളെ ബലികൊടുക്കുന്നത് പെരുന്നാളിൻ്റെ പ്രധാനപ്പെട്ട ആചാരമാണ്.

മുസ്ലിംങ്ങളുടെ വിശ്വാസം അനുസരിച്ച് അല്ലാഹു പ്രവാചകനായ ഇബ്രാഹീമിനെ പരീക്ഷിക്കാൻ വേണ്ടി സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് തന്റെ മകൻ ഇസ്മായിലിനെ ബലിയറുക്കാൻ ആവശ്യപ്പെടുകയായിരുന്നു.ദൈവ കൽപ്പന അനുസരിച്ച് തന്റെ പ്രിയപുത്രനെ ബലികൊടുക്കാൻ ഇബ്രാഹിം തീരുമാനിച്ചു. ഇക്കാര്യം അറിഞ്ഞ മകനും എതിര്‍വാക്ക് പറഞ്ഞില്ല. പ്രവാചകന്റെ ഭക്തിയിൽ ദൈവം പ്രീതിപ്പെടുകയും ബലിനൽകുന്ന സമയത്ത് ദൈവദൂതൻ എത്തുകയും ഇസ്മായിലിനെ മാറ്റി ആടിനെ വയ്ക്കുകയും ചെയ്തു. ഈ സംഭവത്തിന്റെ സ്മരണ പുതുക്കാൻ വേണ്ടിയാണ് വിശ്വാസികൾ എല്ലാ വർഷവും പെരുന്നാളിന് ബലി അർപ്പിക്കുന്നത്.ദൈവപ്രീതിക്കായി മനുഷ്യനെ ബലിനൽകരുതെന്ന സന്ദേശവും ബലി പെരുന്നാൾ നൽകുന്നു. സാധാരണ ഗതിയിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ കേരളത്തിലും മറ്റു ഇന്ത്യൻ സംസ്ഥാനങ്ങളിലുമെല്ലാം ഒരേ ദിവസമാണ് ബലി പെരുന്നാൾ.

മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളാണ് ബക്രീദ്. ഈ ദിനത്തില്‍, ലോകമെമ്പാടുമുള്ള ഇസ്ലാം മതവിശ്വാസികള്‍ രാവിലെ തന്നെ പള്ളിയില്‍ നമസ്‌കാരത്തിനായി എത്തും. നിസ്കാരത്തിന് ശേഷമാണ് മൃഗങ്ങളെ ബലിയർപ്പിക്കുന്നത്. ഈ ദിവസം ബലി കഴി‍ച്ച മൃഗങ്ങളുടെ ഇറച്ചി ബന്ധുക്കള്‍ക്കും പാവപ്പെട്ടവര്‍ക്കും വിതരണം ചെയ്യുന്നു.

വലിയ പ്രാർത്ഥനകളും പുതിയ വസ്ത്രങ്ങളും സമൃദ്ധമായ ഭക്ഷണവും എല്ലാം ബലി പെരുന്നാളിന്റെ പ്രത്യേകതകളാണ്. എന്നാൽ ഇത്തവണയും പെരുന്നാൾ ആഘോഷങ്ങൾക്ക് പൊലിമ കുറവാണ്. കൊവിഡ് എന്ന മഹാമാരിയെ പിടിച്ചു കെട്ടാൻ ആഘോഷങ്ങൾക്ക് അതിർ വരമ്പിട്ട് വീട്ടിൽ തന്നെ ചെറിയ രീതിയിൽ ആഘോഷിക്കുകയാണ് വിശ്വാസികൾ. പെരുന്നാൾ നമസ്കാരത്തിന് 40 പേർക്ക് മാത്രമാണ് പങ്കെടുക്കാനാവുക. ഒരു ഡോസ് വാക്‌സിനെങ്കിലും സ്വീകരിച്ചവർക്ക് മാത്രമേ പള്ളികളിൽ നമസ്കാരത്തിന് അനുമതിയുള്ളൂ. കരുതൽ പ്രധാനമായതിനാൽ മത നേതാക്കളും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തുന്നുണ്ട്.

പരിമിതികളുണ്ടെങ്കിലും വീടുകള്‍ക്കുള്ളിലും മനസ്സുകളിലും ആഘോഷം ഇല്ലാതാവുന്നില്ല. ഈ കൊവിഡ് കാലത്ത് അകലെ നിന്നുള്ള ആശംസകളും പ്രാർത്ഥനകളും മാത്രമാണ് സുരക്ഷിതം. എല്ലാവർക്കും തൃശ്ശൂർ ടൈംസിന്റെ ബലി പെരുന്നാൾ ആശംസകൾ.

Related Posts