പ്ലാനിൽ ഒരു ചെറിയ ചേഞ്ച് ; വഴി തെറ്റിയ കൊമ്പനെ കാത്ത് ആനക്കൂട്ടം.
കളിയും ചിരിയും കുസൃതിയും നിറഞ്ഞ ആനക്കൂട്ടത്തിന്റെ യാത്രക്കിടയിൽ ട്വിസ്റ്റ് ; യാത്രയ്ക്ക് താത്കാലിക വിരാമം.
കഴിഞ്ഞ കുറച്ചുനാളുകളായി ലോകമൊന്നാകെ ഉറ്റുനോക്കുകയാണ് ചൈനയിലെ അലഞ്ഞുതിരിയുന്ന ആനക്കൂട്ടത്തിന്റെ യാത്ര. സഞ്ചരിക്കാറുണ്ടെങ്കിലും പതിനഞ്ചോളം ആനകൾ ഒരുവർഷത്തോളമായി യാത്ര തുടരുന്ന സംഭവം ആദ്യമാണ്. ഇവയുടെ സഞ്ചാരവും വഴക്കടിക്കലും എല്ലാം ലോക ശ്രദ്ധനേടിയിരുന്നു.
പതിനഞ്ച് ആനകൾ അടങ്ങുന്ന സംഘം ചൈനയിലെ ആനവളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്നാണ് യാത്ര തുടങ്ങിയത്. കൂട്ടത്തിൽ കുട്ടിയാനകളും ഉണ്ട്. നടത്തം കാട്ടിലൂടെ മാത്രമായിരുന്നില്ല. കാടും നാടും റോഡും എന്തിന് വീട് പോലും ആനക്കൂട്ടത്തിനൊരു പ്രശ്നമായില്ല. ചൈനയിലെ തിരക്കുള്ള നഗരങ്ങളിൽ പോലും ആരെയും കൂസാതെ ആനക്കൂട്ടം ട്രെക്കിങ് തുടർന്നു. ഈ നടത്തത്തിൽ 10 ലക്ഷം ഡോളറിന്റെ(ഏകദേശം ഏഴ് കോടി രൂപ) നാശനഷ്ടമാണ് ഇതുവരെ ഉണ്ടായത്. ജനവാസകേന്ദ്രങ്ങളിലെത്തി സ്വന്തം വീടുപോലെ കിട്ടുന്നതെല്ലാം എടുത്ത് തിന്നും കുടിച്ചുമാണ് നടത്തം. കൂട്ടത്തിലേക്ക് ഒരു കുട്ടിയാന പിറന്നതും ഈ യാത്രക്കിടെ ഇവർ ആഘോഷമാക്കി. ഡ്രോണുകളിൽ ആനക്കൂട്ടത്തിന്റെ സഞ്ചാരം അധികൃതർ നിരീക്ഷിച്ചു വരികയാണ്.
ആനക്കൂട്ടത്തിന്റെ ഈ ട്രെക്കിങ്ങ് ചൈനയിലെ ടെലിവിഷൻ ചാനൽ 24 മണിക്കൂറും സംപ്രേക്ഷണം ചെയ്യുന്നുണ്ട്. ആനയുടെ സഞ്ചാരദിശ മനസിലാക്കി ജനങ്ങളോട് മുൻകരുതലെടുക്കാൻ അധികൃതർ നിർദ്ദേശം നൽകുന്നുണ്ടായിരുന്നു. ആനയ്ക്ക് തിന്നാനും കുടിയ്ക്കാനും പാകത്തിൽ വീടിന്റെ മുറ്റത്തോ പരിസരങ്ങളിലോ ഒന്നും വയ്ക്കരുതെന്നും അധികൃതർ പ്രദേശ വാസികൾക്ക് നിർദ്ദേശം നൽകി വരികയായിരുന്നു. ഇവ എങ്ങോട്ടാണ് എന്നോ എന്താണ് ലക്ഷ്യമെന്നോ ആർക്കും വ്യക്തത ഇല്ലായിരുന്നു. ഇപ്പോഴിതാ, അവർ യാത്ര അവസാനിപ്പിച്ചിരിക്കുകയാണ്. ചൈനമാത്രമല്ല ലോകം മുഴുവനും ഈ യാത്ര എങ്ങോട്ടാണെന്നറിയാനുള്ള ആകാംഷയിലായിരുന്നു.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ യുനാന്‍ പ്രവിശ്യയിലെ പുയെ നഗരത്തിലെ സംരക്ഷണ കേന്ദ്രത്തില്‍ നിന്ന് തുടങ്ങിയ ലക്ഷ്യമില്ലാത്ത ഈ യാത്ര ഇവർ അവസാനിപ്പിച്ചതിൽ ഒരു ട്വിസ്റ്റുണ്ട്.
ഒപ്പമുള്ള ഒരു കൊമ്പൻ കൂട്ടം തെറ്റി. ഇതോടെ ഈ കൊമ്പനില്ലാതെ യാത്ര തുടരില്ല എന്നായി ആനക്കൂട്ടം. ഒരാഴ്ചയോളം വഴിയിൽ ഈ കൊമ്പനുവേണ്ടി കാത്തുനിൽക്കുകയാണ് ഇവർ. എന്നാൽ, കൂട്ടം തെറ്റിയ കൊമ്പൻ ഇതൊന്നുമാറിയാതെ ഒറ്റയ്ക്ക് കളിച്ചും ഭക്ഷണം കണ്ടെത്തിയും കഴിയുകയാണ്. എന്തായാലും ഈ ആനക്കൂട്ടം കൊമ്പനെ കണ്ടെത്താതെ യാത്ര തുടരില്ല.