ഇന്ത്യൻ പുരുഷ-വനിതാ ക്രിക്കറ്റ് താരങ്ങൾക്ക് ഇനി തുല്യ വേതനം; പ്രഖ്യാപനവുമായി ജയ് ഷാ
ന്യൂഡല്‍ഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ പുരുഷ താരങ്ങൾക്ക് ലഭിക്കുന്ന അതേ വേതനം വനിതാ ക്രിക്കറ്റ് താരങ്ങൾക്കും നൽകുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ. ട്വിറ്ററിലൂടെയാണ് ജയ് ഷാ ഈ ചരിത്രപരമായ തീരുമാനം അറിയിച്ചത്. മാച്ച് ഫീയിലാണ് തുല്യ വേതനം നൽകുക. പുരുഷ, വനിതാ കളിക്കാർക്ക് തുല്യ വേതനം നൽകുന്നതിലൂടെ ഇന്ത്യൻ ക്രിക്കറ്റ് ലിംഗസമത്വം കൈവരിച്ചുവെന്ന് ജയ് ഷാ പറഞ്ഞു. ബിസിസിഐ സെക്രട്ടറിയായി രണ്ടാം തവണയും ചുമതലയേറ്റതിന് പിന്നാലെയാണ് ജയ് ഷായുടെ പ്രഖ്യാപനം. നിലവിൽ പുരുഷ താരങ്ങൾക്ക് ലഭിക്കുന്ന മാച്ച് ഫീസ് വനിതാ താരങ്ങൾക്കും ലഭ്യമാകും. ഓരോ വനിതാ താരത്തിനും ടെസ്റ്റിൽ 15 ലക്ഷം രൂപയും ഏകദിനത്തിൽ ആറ് ലക്ഷം രൂപയും ടി20യിൽ 3 ലക്ഷം രൂപയും ലഭിക്കും.