കാടുകള്‍ക്ക് കാര്‍ബണ്‍ വലിച്ചെടുക്കാനുള്ള കഴിവ് കുറയുന്നു; പുതിയ പഠനവുമായി ഗവേഷകർ
ലോകമെമ്പാടുമുള്ള വനങ്ങൾക്ക് കാർബൺ ആഗിരണം ചെയ്യാനുള്ള കഴിവ് കുറയുന്നതായി പുതിയ പഠനം. നേച്വര്‍ എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. ആഗോള താപന വർധനവ്, വന നശീകരണം, വനഭൂമി കാർഷിക ആവശ്യങ്ങൾക്കായി ഉപയോഗിക്കൽ എന്നിവയാണ് ഇതിന് പിന്നിലെ പ്രധാന കാരണങ്ങൾ എന്നാണ് പറയുന്നത്. ഇത് കാർബൺ ആഗിരണം ചെയ്യാനുള്ള വനങ്ങളുടെ കഴിവ് കുറയ്ക്കുന്നതിനോടൊപ്പം അന്തരീക്ഷത്തിലെ ഹരിതഗൃഹ വാതകങ്ങളുടെ സാന്നിധ്യവും വർധിപ്പിക്കുന്നു. ലോകമെമ്പാടുമുള്ള വനമേഖലകളിൽ സംഭവിക്കുന്ന മാറ്റങ്ങളും പഠനം വിശകലനം ചെയ്തു. കാർബൺ ആഗിരണം ചെയ്യാനുള്ള വനങ്ങളുടെ കഴിവ് കുറയുന്നത് വലിയ പ്രദേശങ്ങളിൽ പെട്ടെന്നുള്ള പാരിസ്ഥിതിക മാറ്റങ്ങൾക്ക് കാരണമാകുമെന്ന് പഠനത്തിന്‍റെ രചയിതാക്കളിൽ ഒരാളായ ഡോ.പാട്രിക് അഭിപ്രായപ്പെടുന്നു. കാലിഫോർണിയയിലെ കാട്ടുതീ ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. ചൂടുള്ള അന്തരീക്ഷം കാട്ടുതീയുടെ തീവ്രത വർധിപ്പിക്കുന്നു. ഇത് ഒരു വലിയ വനമേഖലയുടെ പരിസ്ഥിതിയിലുണ്ടാകുന്ന മാറ്റമാണ്. കാട്ടുതീ കാരണം, വനപ്രദേശം വരണ്ട ഭൂമിയായി മാറുകയും കാർബൺ ആഗിരണം ചെയ്യാനുള്ള കഴിവ് കുറയുകയും ചെയ്യുന്നു. ഗവേഷകരുടെ അഭിപ്രായത്തിൽ, വനഭൂമി കൂടുതലുള്ള പ്രദേശങ്ങളിൽ ഈ രീതിയിൽ കാർബൺ ആഗിരണം ചെയ്യാനുള്ള ശേഷി കുറയുന്നത് വനഭൂമിയുടെ സ്ഥിരമായ നഷ്ടത്തിന് കാരണമായേക്കാം. അതേസമയം ആമസോണ്‍, യൂറോപ്പിന്റെ വടക്കന്‍ പ്രദേശം എന്നിവിടങ്ങളില്‍ ഇതിന്റെ വിപരീതമായാണ് സംഭവിക്കുന്നത്. ഇവിടങ്ങളിലെ വനങ്ങൾക്ക് കാർബൺ ആഗിരണം ചെയ്യാനുള്ള കഴിവ് കൂടി. എന്നാല്‍ കാലാവസ്ഥ വ്യതിയാനം പോലുള്ള ഭീഷണികള്‍ ആമസോണ്‍ മഴക്കാടുകള്‍ നേരിടുന്നുണ്ട്. മരങ്ങൾ കൂടുതൽ നട്ട് പിടിപ്പിക്കുക, സീറോ കാര്‍ബണ്‍ ബഹിര്‍ഗമനമെന്ന ലക്ഷ്യം എന്നിവയിലൂടെ കാര്‍ബണ്‍ ആഗിരണം ചെയ്യാനുള്ള ശേഷി ഉയര്‍ത്താമെന്നാണ് വിലയിരുത്തൽ.