ബിസിസിഐ മുന്‍ ആക്റ്റിങ് സെക്രട്ടറി അമിതാഭ് ചൗധരി അന്തരിച്ചു
ന്യൂഡല്‍ഹി: ബോർഡ് ഓഫ് കണ്ട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യയുടെ(ബി.സി.സി.ഐ) മുൻ ആക്ടിംഗ് സെക്രട്ടറി അമിതാഭ് ചൗധരി അന്തരിച്ചു. അദ്ദേഹത്തിന് 58 വയസ്സായിരുന്നു. ഹൃദയസ്തംഭനം മൂലമാണ് മരണം സംഭവിച്ചത്. മുൻ ഐപിഎസ് ഉദ്യോഗസ്ഥനായ അമിതാഭ് ജാർഖണ്ഡ് പോലീസിൽ ഐജിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജാർഖണ്ഡ് ക്രിക്കറ്റ് അസോസിയേഷനിലെ സജീവ പ്രവർത്തകനായിരുന്ന അമിതാഭ് ചൗധരി റാഞ്ചി ക്രിക്കറ്റ് സ്റ്റേഡിയത്തെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി പ്രവർത്തിച്ചു. അമിതാഭ് ചൗധരിയുടെ നേതൃത്വത്തിലാണ് ജാർഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍റെ ആസ്ഥാനം ജംഷഡ്പൂരിൽ നിന്ന് റാഞ്ചിയിലേക്ക് മാറ്റിയത്. ബിസിസിഐയുടെ ജോയിന്‍റ് സെക്രട്ടറി, അഡ്മിനിസ്ട്രേറ്റീവ് മാനേജർ എന്നീ നിലകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.