കേരള സംഗീത നാടക അക്കാദമി ഹോപ്പ് ഫെസ്റ്റിന്‍റെ അരങ്ങ് ഇന്ന് ഉണരും

തൃശ്ശൂർ: നാടകം, സംഗീതം, വാദ്യം എന്നിവയ്ക്ക് പ്രാധാന്യം കൊടുത്ത് കേരള സംഗീത നാടക സംഘടിപ്പിക്കുന്ന ഹോപ്പ് ഫെസ്റ്റിന്‍റെ അരങ് ഇന്ന് ഉണരും. പൂര്‍ണ്ണമായും കൊവിഡ് ചട്ടങ്ങള്‍ പാലിച്ച് സംഘടിപ്പിക്കുന്ന പരിപാടിയിലേക്ക് കാണികള്‍ക്ക് സൗജന്യ ടിക്കറ്റ് മുഖനേയാണ് പ്രവേശനം അനുവദിക്കുക. ഷോ ആരംഭിക്കുന്നതിന് അല്പം മുന്‍പ് കാണികള്‍ക്ക് അക്കാദമി കൗണ്ടറില്‍ നിന്ന് സൗജന്യ ടിക്കറ്റ് കൈപ്പറ്റാം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അക്കാദമി ഡിസംബര്‍ 29 മുതല്‍ മൂന്ന് ദിനങ്ങളിലായി നടത്തുന്ന പരിപാടിയുമായി എല്ലാവരും പൂര്‍ണ്ണമായും സഹകരിക്കണമെന്ന് അക്കാദമി സെക്രട്ടറി ഡോ പ്രഭാകരന്‍ പഴശ്ശി പറഞ്ഞു. സമീപകാലത്ത് അന്തരിച്ച നാടകപ്രതിഭകളായ പി ബാലചന്ദ്രന്‍, കെ കെ രാജന്‍, കോഴിക്കോട് ശാരദ, എന്‍ ജി ഉണ്ണികൃഷ്ണന്‍, അനില്‍ നെടുമങ്ങാട്, ഡോ.ജോസ് ജോര്‍ജ്ജ്, എ ശാന്തകുമാര്‍, രാജീവ് വിജയന്‍ എന്നിവരെ അനുസ്മരിച്ച് ഉച്ചയ്ക്ക് 12.30 ന് വി ഡി പ്രേമപ്രസാദ് പ്രഭാഷണം നടത്തും. ഉച്ചയ്ക്ക് രണ്ടിന് ജോസ് കോശി സംവിധാനം ചെയ്ത് ഗോപാലന്‍ അടാട്ട്, വിവേക് റോഷന്‍ എന്നിവര്‍ അഭിനയിക്കുന്ന ഇവല്യൂഷന്‍ എന്ന ചെറുനാടകം അക്കാദമി വളപ്പിലെ ബ്ലാക്ക് ബോക്സില്‍ അരങ്ങേറും. അക്കാദമി അങ്കണത്തില്‍ വൈകീട്ട് 3.30ന് വാദ്യകുലപതി പെരുവനം കുട്ടന്‍ മാരാരുടെ നേതൃത്വത്തില്‍ 150 വാദ്യകലകാരന്‍ന്മാരെ അണിനിരത്തുന്ന ഇലഞ്ഞിത്തറമേളം അവതരിപ്പിക്കും. വൈകീട്ട് അഞ്ചിന് സ്‌കൂള്‍ ഓഫ് ഡ്രാമയിലെ വിദ്യാര്‍ത്ഥികളായിരുന്ന ഗാര്‍ഗി അനന്തന്‍, അതുല്‍ എം, അജയ് ഉദയന്‍ എന്നിവര്‍ ഹോപ്പ് ക്ലൗണുകളായി അരങ്ങിലെത്തും. വൈകീട്ട് 5.30 ന് ഭരത് മുരളി ഓപ്പണ്‍ എയര്‍ തിയ്യറ്ററില്‍ ഈറോഡ് നാടക സംഘം അവതരിപ്പിക്കുന്ന 'ടക്കൊന്നൊരു കഥ' എന്ന ചെറുനാടകവും കാണികള്‍ക്കായി അവതരിപ്പിക്കും. വെകീട്ട് 6.30 ന് വിനുജോസഫ് അവതരിപ്പിക്കുന്ന ക്ലൗണ്‍ഷോയായ ഡോക്റ്റര്‍ വികടനും അരങ്ങിലെത്തും. രാത്രി 7.15 ന് കെ ടി മുഹമ്മദ് സ്മാരക റീജിയണല്‍ തിയ്യറ്ററില്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന കോറിയോഗ്രാഫിക്കല്‍ ഷോ നടക്കും. രാത്രി 7.30 ന് വീണ്ടും, ബ്ലാക്ക് ബോക്സില്‍ ഇവല്യൂഷന്‍ അരങ്ങേറും. രാത്രി 8.40 ന് അക്കാദമി അങ്കണത്തില്‍ സര്‍ക്കസ് തിയ്യറ്ററായ ടിങ്കി അവതരിപ്പിക്കും.