ഇന്ത്യൻ സൈന്യത്തിന്റെ സെലക്ഷൻ ബോർഡിന്റെ തീരുമാനം പ്രതിരോധമന്ത്രാലയമാണ് അറിയിച്ചത്.
അഞ്ച് വനിതാ ഓഫീസർമാർക്ക് കേണൽ പദവി നൽകി ഇന്ത്യൻ മിലിറ്ററി.
ന്യൂഡൽഹി: അഞ്ച് വനിതാ ഓഫീസർമാർക്ക് കേണൽ റാങ്കിലേക്ക് സ്ഥാനക്കയറ്റം. ഇന്ത്യൻ സൈന്യത്തിലെ ഭൂരിഭാഗം ശാഖകളിൽനിന്നുള്ള വനിതാ ഓഫീസർമാർക്കും സ്ഥിരം കമ്മീഷൻ നൽകിയതോടെയാണ് വനിതകൾ കേണൽ (ടൈം സ്കെയിൽ) റാങ്കിന് അർഹരായത്. 26 വർഷം സേവനം പൂർത്തിയാക്കിയ അഞ്ച് പേരെയാണ് കേണെൽ പദവിയിലേക്ക് തിരഞ്ഞെടുത്തത്. ഇന്ത്യൻ സൈന്യത്തിന്റെ സെലക്ഷൻ ബോർഡിന്റെ തീരുമാനം പ്രതിരോധമന്ത്രാലയമാണ് അറിയിച്ചത്. കോർ ഓഫ് സിഗ്നൽസ്, കോർ ഓഫ് ഇലക്ട്രോണിക് ആൻഡ് മെക്കാനിക്കൽ എൻജിനിയേഴ്സ് (ഇ എം ഇ), കോർ ഓഫ് എൻജിനിയേഴ്സ് എന്നിവരോടൊപ്പം സേവനമനുഷ്ഠിക്കുന്ന വനിതാ ഉദ്യോഗസ്ഥയ്ക്ക് കേണൽ പദവി നൽകുന്നത് ഇതാദ്യമാണ്. മുൻപ് കേണൽ പദവി ആർമി മെഡിക്കൽ കോർ (എ എം സി), ജഡ്ജ് അഡ്വക്കേറ്റ് ജനറൽ (ജെ എ ജി), ആർമി എജ്യുക്കേഷൻ കോർ (എ ഇ സി) എന്നിവയിലെ വനിതാ ഉദ്യോഗസ്ഥർക്കുമാത്രമേ നൽകിയിരുന്നുള്ളൂ.
കോർ ഓഫ് സിഗ്നൽസിൽനിന്നുള്ള ലെഫ്റ്റനന്റ് കേണൽ സംഗീത സർദാന, ഇ എം ഇ കോറിൽ നിന്നുള്ള ലെഫ്റ്റനന്റ് കേണൽ സോണിയാ ആനന്ദ്, ലെഫ്റ്റനന്റ് കേണൽ നവനീത് ദുഗൽ, കോർ ഓഫ് എൻജിനിയേഴ്സിൽ നിന്ന് ലെഫ്റ്റനന്റ് കേണൽ റീനു ഖന്ന, ലെഫ്റ്റനന്റ് കേണൽ റിച്ച സാഗർ എന്നിവരാണ് കേണൽ പദവിക്ക് അർഹരായ ഓഫീസർമാർ.