കോംപാക്ട് വാഹന ശ്രേണിയിലായിരിക്കും ആദ്യ ഇലക്ട്രിക് വാഹനം എത്തുകയെന്നാണ് വിവരം.
കാത്തിരിപ്പിന് അവസാനം കുറിച്ച് ഇന്ത്യയിൽ ഇലക്ട്രിക് വാഹനം പ്രഖ്യാപിച്ചിരിക്കുകയാണ് മാരുതി.
ഡൽഹി: വൈദ്യുത വാഹനങ്ങൾ സംബന്ധിച്ച കാത്തിരിപ്പിന് അവസാനം കുറിച്ച് ഇന്ത്യയിൽ ഇലക്ട്രിക് വാഹനം പ്രഖ്യാപിച്ചിരിക്കുകയാണ് മാരുതി. മാരുതിയുമായി സഹകരിക്കുന്ന ജാപ്പനീസ് വാഹന നിർമാതാക്കളായ സുസുക്കിയാണ് ഇപ്പോൾ വിവരം പുറത്തു വിട്ടിരിക്കുന്നത്.
മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ കീഴിൽ ഇന്ത്യയിൽ ആയിരിക്കും സുസുക്കിയുടെ ആദ്യ ഇലക്ട്രിക് വാഹനം എത്തുകയെന്നാണ് റിപ്പോർട്ട്. സുസുക്കിയുടെ ഇന്ത്യയിലെ സ്വാധീനം കണക്കിലെടുത്താണ് ഈ തീരുമാനം. വാഗൺആറിന്റെ ഇലക്ട്രിക് മോഡലായിരിക്കും മാരുതി ഇന്ത്യയിൽ എത്തിക്കുന്ന ആദ്യ ഇലക്ട്രിക് മോഡൽ എന്നായിരുന്നു ആദ്യ പ്രഖ്യാപനം. എന്നാൽ ഇപ്പോൾ പുതിയ കോംപാക്ട് വാഹനവുമയാണ് മാരുതി എത്തുന്നത്. നിലവിൽ വിപണിയിൽ ലഭ്യമായ ഇലക്ട്രിക് വാഹനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കുറഞ്ഞ വിലയിൽ ഈ വാഹനം വിൽപ്പനയ്ക്ക് എത്തുമെന്നാണ് അറിയുന്നത്. 13,700 ഡോളറാണ് (10.19 ലക്ഷം രൂപ) പ്രതീക്ഷിക്കുന്ന വില. ഇന്ത്യയിൽ സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള സബ്സിഡി കുറച്ച് 10 ലക്ഷത്തിൽ താഴെ ഈ വാഹനം ലഭ്യമാക്കും.
ഇന്ത്യയിലെ അവതരണത്തിന് പിന്നാലെ തന്നെ സുസുക്കിയുടെ ജന്മനാടായ ജപ്പാനിലും പിന്നീട് യൂറോപ്യൻ രാജ്യങ്ങളിലും ഈ ഇലക്ട്രിക് വാഹനം എത്തിക്കുമെന്നാണ് റിപ്പോർട്ടുകൾ.
2030-ഓടെ ഇന്ത്യയിൽ വിൽക്കുന്ന വാഹനങ്ങളുടെ 30 ശതമാനവും ഇലക്ട്രിക്ക് വാഹനങ്ങളാക്കാനുള്ള ശ്രമങ്ങളും രാജ്യം നടത്തുന്നണ്ട്. ഇതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇലക്ട്രിക് വാഹന നയം പ്രഖ്യാപിക്കുകയും ആനുകൂല്യങ്ങൾ ഒരുക്കുകയും ചെയ്യുന്നുണ്ട്.