വ്യവസായ വികസനത്തിന് സമഗ്ര കർമ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി പി രാജീവ്.

നൂറുദിനം, ഒരു വർഷം, അഞ്ചു വർഷം എന്നിങ്ങനെ കാലപരിധി നിശ്ചയിച്ചുകൊണ്ടാണ് പദ്ധതികൾ നടപ്പിലാക്കുന്നത്.

തിരുവനന്തപുരം:

കേരളത്തിലേക്ക് കൂടുതൽ വ്യവസായങ്ങളെ ആകർഷിക്കുന്നതിനും നിലവിലുള്ളവയുടെ വികസനത്തിനും കൂടുതൽ തൊഴിൽ സൃഷ്ടിക്കുന്നതിനുമായി സമഗ്ര കർമ പദ്ധതി നടപ്പാക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ്. നൂറുദിനം, ഒരു വർഷം, അഞ്ചു വർഷം എന്നിങ്ങനെ കാലപരിധി നിശ്ചയിച്ചുകൊണ്ടാണ് പദ്ധതികൾ നടപ്പിലാക്കുന്നത്. കഴിഞ്ഞ ബഡ്ജറ്റിലും പ്രകടന പത്രികയിലുമുൾപ്പെടുത്തിയിട്ടുള്ള പ്രഖ്യാപനങ്ങളെ അടിസ്ഥാനമാക്കിയാവും കർമപദ്ധതി തയ്യാറാക്കുകയെന്ന് മന്ത്രി അറിയിച്ചു.

സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ മേഖലയിൽ മൂന്നു ലക്ഷം യൂണിറ്റുകൾ തുടങ്ങാനും ആറു ലക്ഷം തൊഴിൽ സൃഷ്ടിക്കാനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്. മെഡിക്കൽ ഉപകരണങ്ങൾ, ഇലക്‌ട്രോണിക്‌സ്, ഭക്ഷ്യ സംസ്‌കരണ വ്യവസായ മേഖലകൾക്ക് ഊന്നൽ നൽകും. വ്യവസായങ്ങളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും തമ്മിലുള്ള  സഹകരണം ശക്തിപ്പെടുത്തും.

കേരളത്തിൽ ഒരു ട്രേഡ് സെന്റർ എന്ന പ്രൊപ്പോസൽ വേഗത്തിൽ യാഥാർത്ഥ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കും. പ്രാദേശിക വ്യവസായ ക്‌ളസ്റ്ററുകൾ സ്ഥാപിക്കുന്നതിന് രൂപരേഖ തയ്യാറാക്കുകയും വ്യവസായങ്ങൾക്കുള്ള ഏകജാലക സംവിധാനം ശക്തിപ്പെടുത്തുകയും ചെയ്യും. വിജയകരമായ വ്യവസായങ്ങളെക്കുറിച്ച് പഠനം നടത്തും. ഇവയുടെ വിജയവഴികളെക്കുറിച്ചുള്ള മാർഗരേഖ പുതിയ വ്യവസായികളെ പരിചയപ്പെടുത്തും.

ജില്ലാ വ്യവസായ കേന്ദ്രങ്ങളെ വ്യാവസായിക നിക്ഷേപത്തിനായി വരുന്നവർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുന്ന കേന്ദ്രങ്ങളായി മാറ്റും. തോട്ടം മേഖലക്കായി പ്ലാന്റേഷൻ ഡയറക്‌ട്രേറ്റ് രൂപീകരിക്കാൻ ഉദ്ദേശിക്കുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.

വ്യവസായ വകുപ്പിന്റെ പ്രവർത്തനം സുതാര്യമായിരിക്കും. വ്യവസായങ്ങളുടെ പ്രശ്‌നങ്ങൾ പരിശോധിക്കാനും പരിഹരിക്കാനുമായി പ്രത്യേക സംവിധാനം ഒരുക്കും. ഇതുസംബന്ധിച്ച ഉത്തരവിറങ്ങിയിട്ടുണ്ട്. വ്യവസായ, നിയമ, തദ്ദേശസ്വയംഭരണ വകുപ്പുകളുടെ സെക്രട്ടറിമാർ ഉൾപ്പെട്ട കമ്മിറ്റി ഇതിനായി രൂപീകരിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

സമുദ്രോൽപന്നം, എഫ് എം സി ജി പാർക്കുകൾ സ്ഥാപിക്കണം, പാലക്കാട് - കൊച്ചി വ്യവസായ ഇടനാഴിയുടെ വികസനം,  ലൈഫ് സയൻസ് പാർക്കിന്റെ വികസനം, കൂടുതൽ തൊഴിൽ സൃഷ്ടിക്കുക, കൊവിഡിന്റെ പശ്ചാത്തലത്തിൽ ഉത്തേജക പാക്കേജ്, വ്യവസായങ്ങൾക്കുള്ള ഭൂമി സംബന്ധമായ പ്രശ്‌നങ്ങൾ, സ്വകാര്യ വ്യവസായ പാർക്കുകൾ, മെയ്ക്ക് ഇൻ കേരള ബ്രാൻഡിംഗ്, വ്യവസായ സംരക്ഷണ നിയമം, ഔഷധ സസ്യ മേഖലകളുടെ പ്രശ്‌നങ്ങൾ, മെഡിക്കൽ ഉപകരണ വ്യവസായങ്ങളുടെ പ്രാധാന്യം, ടൂറിസം, പാദരക്ഷ വ്യവസായം, ഡിസൈൻ സ്റ്റാർട്ട്അപ്പുകളുടെ പ്രാധാന്യം തുടങ്ങി വിവിധ മേഖലകളെ സംബന്ധിച്ച് യോഗത്തിൽ അഭിപ്രായം ഉയർന്നു.

വ്യവസായ വകുപ്പ് സെക്രട്ടറി ഡോ ഇ ഇളങ്കോവൻ, കെ എസ് ഐ ഡി സി. എം ഡി. എം ജി രാജമാണിക്യം എന്നിവരും യോഗത്തിൽ പങ്കെടുത്തു. വനിതാ, യുവ സംരംഭകർ ഉൾപ്പെടെ വ്യത്യസ്ത മേഖലകളിൽ നിന്നുള്ള 80 വ്യവസായികളും സി ഐ ഐ, ഫിക്കി, ടി ഐ ഇ, കേരള ചെറുകിട വ്യവസായ അസോസിയേഷൻ എന്നിവയുടെ പ്രതിനിധികളും ഓൺലൈൻ യോഗം ചേർന്നു.  

Related Posts