ഇറ്റ്ഫോക്ക് ഫോട്ടോ പ്രദര്‍ശനത്തിന് പ്രൗഢ ഗംഭീരമായ തുടക്കം
തൃശ്ശൂർ: കേരള സംഗീത നാടക അക്കാദമി അങ്കണത്തില്‍ സംഘടിപ്പിക്കുന്ന ഇറ്റ്ഫോക്ക് ഫോട്ടോ പ്രദര്‍ശനത്തിന് പ്രൗഢ ഗംഭീരമായ തുടക്കം. റവന്യു വകുപ്പ് മന്ത്രി കെ രാജന്‍ ഫോട്ടോ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. 2008 മുതല്‍ 2020 വരെയുള്ള ഇറ്റ്‌ഫോക്കിന്‍റെ 12 എഡിഷനുകളിലെ അപൂര്‍വ്വങ്ങളായ ഫോട്ടോകള്‍ ഉള്‍പ്പെടുത്തിയാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. ഫോട്ടോ പ്രദര്‍ശനത്തിലൂടെ കടന്നുപോകുമ്പോള്‍, മനസ്സില്‍ വൈകാരികമായ അനുഭവമാണ് ഉണ്ടാകുന്നതെന്ന് മന്ത്രി ഫോട്ടോ പ്രദര്‍ശനം സന്ദര്‍ശിച്ചതിന് ശേഷം പറഞ്ഞു. ഫോട്ടോകളിലെ പല വ്യക്തികളും ഇപ്പോള്‍ ജീവിച്ചിരിപ്പില്ലയെന്നത് വേദപ്പിക്കുന്ന ഒരു സത്യമാണ്. പോയകാലത്തെ ഓര്‍ത്തെടുക്കാന്‍ ഈ ഫോട്ടോ പ്രദര്‍ശനം സഹായമാകുമെന്ന് മന്ത്രി പറഞ്ഞു. 12 എഡിഷനുകളിലെ പ്രധാന നാടക മുഹൂര്‍ത്തങ്ങള്‍, സംവാദങ്ങള്‍, പ്രേക്ഷക പ്രതികരണങ്ങള്‍, ഇറ്റ്ഫോക്കിലെ അപൂര്‍വ്വ നിമിഷങ്ങള്‍, ഇറ്റ്‌ഫോക്ക് സന്ദര്‍ശിക്കാനെത്തിയ പ്രശസ്ത വ്യക്തികള്‍ തുടങ്ങിയവയുടെ സ്റ്റില്‍ ഫോട്ടോകള്‍ ഉള്‍പ്പെടുത്തിയാണ് പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ 11 മുതല്‍ രാത്രി ഒന്‍പത് വരെയാണ് ഫോട്ടോ പ്രദര്‍ശനം. ഹോപ്പ് ഫെസ്റ്റിന് മുന്നോടിയായാണ് പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നത്. പ്രദര്‍ശനം ജനുവരി അഞ്ചിന് സമാപിക്കും.
ഇറ്റ്‌ഫോക്ക് ഫോട്ടോ പ്രദര്‍ശന വേദിയില്‍ ഇന്ന്
ഇറ്റ്‌ഫോക്ക് ഫോട്ടോ പ്രദര്‍ശന വേദിയില്‍ ഇന്ന് (ഡിസംബര്‍ 27) വെകീട്ട് അഞ്ചിന് കൊവിഡ് കാലത്തെ തിയ്യറ്റര്‍ എന്ന വിഷയത്തില്‍ പ്രശസ്ത നാടക പ്രവര്‍ത്തകന്‍ അരുണ്‍ലാല്‍ സംസാരിക്കും. സുരഭി എം എസ് മോഡറേറ്റര്‍ ആയിരിക്കും.