ഗാന്ധിജിക്കുശേഷം ഇന്ത്യകണ്ട മഹാനായ ദേശസ്നേഹി, തൊണ്ണൂറാം ജന്മദിനത്തിൽ എ പി ജെ അബ്ദുൾകലാമിനെ സ്മരിച്ച് കമൽഹാസൻ
ഗാന്ധിജിക്കുശഷം ഇന്ത്യകണ്ട മഹാനായ ദേശസ്നേഹിയാണ് എ പി ജെ അബ്ദുൾകലാമെന്ന് പ്രശസ്ത തെന്നിന്ത്യൻ ചലച്ചിത്രതാരം കമൽഹാസൻ. ദശലക്ഷക്കണക്കിന് ഇന്ത്യക്കാരെ സ്വപ്നം കാണാൻ പ്രേരിപ്പിച്ച ഉത്കൃഷ്ടമായ വ്യക്തിത്വമാണ് അദ്ദേഹത്തിൻ്റേത്. എ പി ജെ യുടെ തൊണ്ണൂറാം ജന്മവാർഷികത്തിൽ നൽകിയ സന്ദേശത്തിലാണ് മഹാനായ ദേശസ്നേഹി എന്ന് കമൽഹാസൻ രാജ്യത്തിൻ്റെ മുൻ പ്രസിഡൻ്റിനെ വിശേഷിപ്പിച്ചത്.
നേരിൻ്റെ മാർഗത്തിലൂടെ നടന്ന് വിജയം കൈവരിക്കാമെന്ന് അദ്ദേഹം തെളിയിച്ചു. നമ്മുടെ രാജ്യം ഏത് ദിശയിൽ സഞ്ചരിക്കണം എന്ന വ്യക്തമായ കാഴ്ചപ്പാട് അദ്ദേഹത്തിനുണ്ടായിരുന്നു. ദശലക്ഷങ്ങളെ ഉദാത്തമായ സ്വപ്നങ്ങളിലേക്ക് നയിക്കാൻ അദ്ദേഹത്തിനായി. ഗാന്ധിജിക്കുശേഷം ഇന്ത്യകണ്ട മഹാനായ ദേശസ്നേഹിയായിരുന്നു അബ്ദുൾ കലാം. ധാർമിക മാർഗത്തിൽ മുന്നേറാനുള്ള മാർഗദീപമായി അദ്ദേഹത്തിൻ്റെ സ്മരണ എന്നെന്നും നിലനിൽക്കട്ടെ എന്ന വാക്കുകളോടെയാണ് താരത്തിൻ്റെ സന്ദേശം അവസാനിക്കുന്നത്.
എ പി ജെ അബ്ദുൾ കലാമിൻ്റെ ജന്മദിനത്തെ ലോക വിദ്യാർഥി ദിനമായാണ് ഐക്യരാഷ്ട്ര സഭ ആചരിക്കുന്നത്. കഠിനാധ്വാനം, അർപണ മനോഭാവം, നിശ്ചയദാർഢ്യം തുടങ്ങി അദ്ദേഹത്തിൻ്റെ ഗുണഗണങ്ങളെ വിദ്യാർഥികൾ മാതൃകയാക്കണം എന്നാണ് ദിനാചരണം കൊണ്ട് അർഥമാക്കുന്നത്.