കൊവിഡ് പ്രതിസന്ധി നേരിടാന്‍ 20,000 കോടിയുടെ രണ്ടാം പാക്കേജ് പ്രഖ്യാപിച്ചു; 8000 കോടി നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കും.
രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ചു ; ആരോഗ്യ മേഖലയ്ക്ക് ഊന്നൽ.
തിരുവനന്തപുരം :
രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ചു. കൊവിഡ് പ്രതിരോധത്തിന് മുഖ്യപരിഗണന നല്‍കിക്കൊണ്ട് കൊവിഡാനനന്തര ലോകത്തിനനുസരിച്ച് കേരളത്തെ മാറ്റിയെടുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ധനമന്ത്രി പറഞ്ഞു. മുന്‍ ധനമന്ത്രി തോമസ് ഐസകിന്റെ സമഗ്ര ബജറ്റിന്റെ തുടര്‍ച്ചയാണിത്. പ്രകടനപത്രികയിലെ പ്രഖ്യാപനങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ബാലഗോപാല്‍ പറഞ്ഞു.
- കൊവിഡ് പ്രതിസന്ധി നേരിടാന്‍ 20,000 കോടിയുടെ രണ്ടാം പാക്കേജ് പ്രഖ്യാപിച്ചു. ഇതിൽ 2800 കോടി കൊവിഡ് പ്രതിരോധത്തിന് ചെലവഴിക്കും. 8000 കോടി നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കും.
- ഉപജീവനം പ്രതിസന്ധിയിലായവര്‍ക്ക് നേരിട്ട് 8,900 കോടി എത്തിക്കും.
- ആരോഗ്യ അടിയന്തിരാവസ്ഥ നേരിടാന്‍ 2500 കോടി രൂപ.
- 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് സൗജന്യ വാക്സിന്‍ ലഭ്യമാക്കാന്‍ 1000 കോടി രൂപ. സര്‍ക്കാരിന്റെ ചെലവിൽ എല്ലാവര്‍ക്കും സൗജന്യ വാക്സിന്‍ ഉടന്‍ ലഭ്യമാക്കും.
- കൊവിഡ് സാഹചര്യത്തില്‍ പുതിയ നികുതികളില്ല. നികുതി ഒറ്റത്തവണ തീര്‍പ്പാക്കല്‍ തുടരും.
- പകര്‍ച്ച വ്യാധികള്‍ തടയുന്നതിനായി മെഡിക്കല്‍ കോളേജുകളില്‍ പ്രത്യേക ബ്ലോക്കുകള്‍. സിഎച്ച്സി, പിഎച്ച്സികളില്‍ 10 ഐസൊലേഷന്‍ കിടക്കകള്‍.
- വാക്സിന്‍ വിതരണ കേന്ദ്രത്തിന് പത്ത് കോടി. ലൈഫ് സയന്‍സ് പാര്‍ക്കില്‍ വാക്സിൻ ഉല്‍പാദന യൂണിറ്റുകള്‍ക്കും വാക്സിന്‍ ഗവേഷണത്തിനും പദ്ധതിയുണ്ടാക്കും.
- പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് 2000 കോടി രൂപ വായ്പ.
- തീരദേശ സംരക്ഷണത്തിന് പരമ്പരാഗത രീതി ഒഴിവാക്കി ആധുനിക മാര്‍ഗങ്ങള്‍ സ്വീകരിക്കും.
- തൊഴില്‍ സംരംഭങ്ങള്‍ക്ക് 1600 കോടി രൂപ വായ്പ.
- കേരള ബാങ്ക് വഴി കുറഞ്ഞ പലിശക്ക് കാര്‍ഷിക വായ്പ. കൃഷിക്കാര്‍ക്ക് 4 ശതമാനം പലിശ നിരക്കില്‍ 5 ലക്ഷം വരെ വായ്പ.
- തീരദേശത്ത് അടിസ്ഥാന സൗകര്യവികസനത്തിനും തീരസംരക്ഷണത്തിനും 5300 കോടി. ആദ്യഘട്ടത്തില്‍ കിഫ്ബിയില്‍നിന്ന് 1500 കോടി.
- കൃഷിഭവനുകള്‍ സ്‌മാര്‍ട്ട് ആക്കാന്‍ ആദ്യഘട്ടമായി 10 കോടി.
- കുടംബശ്രീക്ക് ആയിരം കോടിയുടെ വായ്പാ പദ്ധതി.
വിദ്യാർത്ഥികളുടെ മാനസിക സംഘർഷം ലഘൂകരിക്കാൻ വിവിധ കർമ്മ പദ്ധതികൾ. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ടെലി/ ഓൺലൈൻ കൗൺസിലിംഗ് നൽകുന്നതിന് സ്ഥിരം സംവിധാനം. വെർച്വൽ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തി കുട്ടികൾക്ക് സ്കൂൾ അന്തരീക്ഷത്തിൽ പഠനം സാധ്യമാക്കുന്ന രീതിയിൽ ഒരു പൊതു ഓൺലൈൻ അധ്യയന സംവിധാനത്തിന് പത്തുകോടി അനുവദിച്ചു. വിദ്യാർഥികൾക്ക് ഓൺലൈൻ പഠനത്തിന് രണ്ടുലക്ഷം ലാപ്ടോപ്പ് ലഭ്യമാക്കുന്നതിനുള്ള കെ എസ് എഫ് ഇ സ്കീം സമയബന്ധിതമായി നടപ്പാക്കും.
ആരോഗ്യമേഖലക്ക് വലിയ ഊന്നൽ നൽകിയാണ് പദ്ധതികളെല്ലാം. കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളിൽ ഐസൊലേഷൻ വാർഡുകൾ സ്ഥാപിക്കും. താലൂക് ആശുപത്രികളിലും 10 ഐസൊലേഷൻ കിടക്കകൾ ഉണ്ടാക്കും. 635 കോടി രൂപയാണ് ഇതിനായി മാറ്റിവച്ചിട്ടുള്ളത്. മൂന്നാം തരംഗത്തിന്റെ സാധ്യത മുന്നിൽ കണ്ട് കുട്ടികൾക്കുള്ള ഐസിയു സംവിധാനം വികസിപ്പിക്കും. അമേരിക്കൻ സിഡിസി മാതൃകയിൽ മെഡിക്കൽ റിസര്‍ച്ചിന് പുതിയ കേന്ദ്രം ഉണ്ടാക്കുമെന്ന വാഗ്ദാനവും ബജറ്റിലുണ്ട്.
കൊവിഡ് മഹാമാരിയെ തടയുക എന്നതാണ് പ്രധാനലക്ഷ്യം. രണ്ടാം തരംഗത്തിന്റെ ആഘാതം കുറയ്ക്കുകയും മൂന്നാം തരംഗം പൂര്‍ണമായും ഒഴിവാക്കിയും മാത്രമേ സമ്പദ്ഘടന വീണ്ടെടുക്കാന്‍ സാധിക്കുകയുള്ളൂ. എല്ലാത്തിനും ഉപരി ആരോഗ്യം എന്ന ഉറച്ച നിലപാട് സ്വീകരിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. ആരോഗ്യവും ഭക്ഷണവും ഉറപ്പാക്കുക, തൊഴിലും വരുമാനവും സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടുത്തുക എന്നതാണ് പ്രധാന നയമെന്നും മന്ത്രി പറഞ്ഞു.