കേരള സര്‍ക്കാരിന്റെ ഓൺലൈൻ ടാക്സി സർവീസിന് നാളെ തുടക്കം; രാജ്യത്ത് ആദ്യം
തിരുവനന്തപുരം: കേരളത്തിന്‍റെ സ്വന്തം ഓണ്‍ലൈൻ ടാക്സി സർവീസായ 'കേരള സവാരി' നാളെ മുതൽ പ്രവർത്തനമാരംഭിക്കും. സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള രാജ്യത്തെ ആദ്യ ഓണ്‍ലൈൻ ടാക്സി സർവീസാണിത്. തൊഴിൽ വകുപ്പിന്‍റെ നേതൃത്വത്തിൽ മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡാണ് സർവീസ് ആരംഭിക്കുന്നത്. നാളെ മുതൽ 'കേരള സവാരി' നിരത്തിലിറങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തന്‍റെ ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കി. കേരള സവാരി ആപ്പ് നാളെ ഉച്ചയോടെ ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാകും. കേരള സവാരി ഉടൻ തന്നെ ആപ്പ് സ്റ്റോറിലും ലഭ്യമാക്കും. മറ്റ് ഓണ്‍ലൈൻ പ്ലാറ്റ്ഫോമുകളെ പോലെ കേരള സവാരിയിൽ നിരക്കുകളിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാവുകയില്ല. തിരക്കേറിയ സമയങ്ങളിൽ ടാക്സി നിരക്കുകളിൽ മാറ്റമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ നിശ്ചയിച്ച നിരക്കിനൊപ്പം എട്ട് ശതമാനം സർവീസ് ചാർജ് മാത്രമേ കേരള സവാരി ഈടാക്കുകയുള്ളൂ. മറ്റ് ഓൺലൈൻ ടാക്സികളിൽ ഇത് 20 മുതൽ 30 ശതമാനം വരെയാണ്. സർവീസ് ചാർജായി ലഭിക്കുന്ന തുക ഈ പദ്ധതിയുടെ നടത്തിപ്പിനായി വിനിയോഗിക്കുമെന്നും യാത്രക്കാർക്കും ഡ്രൈവർമാർക്കും പ്രമോഷണൽ ഇൻസെന്‍റീവുകൾ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.