റസിഡന്‍ഷ്യല്‍ സ്‌കൂളിലെ പത്താം ക്ലാസുകാര്‍ക്ക് ഒന്നാംതീയതി മുതൽ ക്ലാസുകള്‍ തുടങ്ങാൻ തീരുമാനം.
സംസ്ഥാനത്തെ മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലെ പത്താംക്ലാസുകാർക്ക് ക്ലാസുകൾ തുടങ്ങാൻ ധാരണ. വിദ്യാർഥികളെ സെപ്തംബർ ഒന്നാംതീയതി മുതൽ ഹോസ്റ്റലുകളിൽ എത്തിച്ച് കൃത്യമായി കൊവിഡ് മാനദണ്ഡൾ പാലിച്ച് ക്ലാസുകൾ ആരംഭിക്കാനാണ് തീരുമാനം.
സ്കൂളുകളിലെത്തുന്ന വിദ്യാർഥികളുടെ കൊവിഡ് പരിശോധന നടത്താൻ അതാത് സ്കൂൾ സൂപ്രണ്ടുമാർ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ അധികൃതരോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. പ്രവേശന സമയത്ത് സ്കൂൾ ജീവനക്കാരോടും കൊവിഡ് പരിശോധന നടത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിൽ നിന്ന് ഈ മാസം ഒമ്പതാം തീയതി ഇറക്കിയ ഉത്തരവിലാണ് സ്കൂൾ തുറക്കുന്നത് സംബന്ധിച്ച് അധികൃതർക്ക് നിർദേശം നൽകിയിരിക്കുന്നത്.
പ്ലസ് വൺ പരീക്ഷ നടക്കാനിരിക്കുന്ന സാഹചര്യത്തിൽ വിദ്യാർഥികളെ ഹോസ്റ്റലുകളിലെത്തിച്ച് പഠന പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ഈ വിദ്യാർഥികൾക്കായി അധ്യാപകർ സ്കൂളുകളിലെത്തുന്നുണ്ട്. ഈയൊരു സാഹചര്യത്തിൽ പത്താംക്ലാസ് വിദ്യാർഥികളെ കൂടെ എത്തിച്ചാൽ അവർക്ക് കൂടി ക്ലാസുകൾ പറഞ്ഞുകൊടുക്കാൻ കഴിയുമെന്നാണ് ബന്ധപ്പെട്ടവർ വിലയിരുത്തുന്നത്.