മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ഫെസ്റ്റ് 31 ന് സമാപിക്കും
കേരള സംഗീത നാടക അക്കാദമി ഹോപ്പ് ഫെസ്റ്റിന് ഡിസംബര്‍ 29 ന് തിരിതെളിയും
തൃശൂർ: കൊവിഡ് നിയന്ത്രണങ്ങളെത്തുടര്‍ന്ന് ഇറ്റ്‌ഫോക്ക് (അന്താരാഷ്ട്ര നാടകോത്സവം) വിപുലമായ തോതില്‍ നടത്താന്‍ സാധിക്കാത്തതിനാല്‍ കലാസ്വാദകര്‍ക്കായി കേരള സംഗീത നാടക അക്കാദമി ഹോപ്പ് ഫെസ്റ്റ് എന്ന പേരില്‍ നാടകോത്സവം സംഘടിക്കുന്നു. അന്തര്‍ദ്ദേശീയ, ദേശീയ നിലവാരത്തിലുള്ള 60 മിനിറ്റില്‍ താഴെ മാത്രം ദൈര്‍ഘ്യമുള്ള നാടകങ്ങള്‍, ഡിജറ്റല്‍ തിയ്യറ്റര്‍, സംഗീതം എന്നിവ ഉള്‍ക്കൊള്ളിച്ചാണ് ഹോപ്പ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ഡിസംബര്‍ 29 മുതല്‍ 31 വരെയായി കേരള സംഗീത നാടക അക്കാദമി അങ്കണത്തില്‍ വിവിധ വേദികളിലായിട്ടാണ് ഫെസ്റ്റ് സംഘടിപ്പിക്കുക. ഇതിന്‍റെ ഭാഗമായി 19 ഓളം ഹ്രസ്വനാടകങ്ങള്‍ അരങ്ങിലെത്തിക്കും. പാന്‍ഡമിക് തിയറ്റര്‍ എന്ന ആശയത്തിലൂന്നിയാണ് ഈ ഹ്രസ്വ നാടകമേള അരങ്ങേറുന്നത്. കൊവിഡ് കാലത്തെ പരിമിതികള്‍ക്കകത്തു നിന്നുകൊണ്ട് സൃഷ്ടിക്കപ്പെട്ട നാടകങ്ങള്‍ പ്രസ്തുതകാലത്തോട് ശക്തമായി പ്രതികരിക്കുന്നവയാണ്. നാടകപ്രവര്‍ത്തകരുടെയും സാംസ്‌കാരികലോകത്തിന്‍റെയും ഇറ്റ്‌ഫോക്കി ന്‍റെ തുടര്‍ച്ചയ്ക്കായുള്ള അഭ്യര്‍ത്ഥനകളെ മാനിച്ച് 2021 ലെ ഇറ്റ്‌ഫോക്കിനായി പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടത്തിയെങ്കിലും കൊവിഡ് നിയന്ത്രണങ്ങള്‍ നിലനില്ക്കുന്ന സാഹചര്യത്തില്‍ പൂര്‍ണ്ണമായ തോതില്‍ ഇറ്റ്‌ഫോക്ക് യാഥാര്‍ത്ഥ്യമാക്കുക അസാധ്യമായ ഘട്ടത്തിലാണ് ഹ്രസ്വനാടകങ്ങളും സംഗീത പരിപാടികളും ഡിജിറ്റല്‍ സാധ്യതകളും പ്രയോജനപ്പെടുത്തിക്കൊണ്ട് ഹോപ്പ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. പൂര്‍ണ്ണമായും കൊവിഡ് ചട്ടങ്ങള്‍ പാലിച്ച് സംഘടിപ്പിക്കുന്ന ഫെസ്റ്റിലേക്ക് സൗജന്യ പാസ് മുഖേനയായിരിക്കും പ്രവേശനമനുവദിക്കുക. കാണികള്‍ക്ക് ഓണ്‍ലൈനായും ഓഫ്ലൈനായും പാസ് ലഭ്യമാക്കുമെന്ന് അക്കാദമി സെക്രട്ടറി ഡോ.പ്രഭാകരന്‍ പഴശ്ശി പറഞ്ഞു
ഹോപ്പ് ഫെസ്റ്റിന്‍റെ വേദികള്‍ക്ക് സമീപകാലത്ത് വിടപറഞ്ഞ നാടകപ്രതിഭകളുടെ പേര് നല്‍കും -ഡോ. പ്രഭാകരന്‍ പഴശ്ശി
കേരള സംഗീത നാടക അക്കാദമി ഡിസംബര്‍ 29 മുതല്‍ 31 വരെ അക്കാദമി അങ്കണത്തില്‍ സംഘടിപ്പിക്കുന്ന ഹോപ്പ് ഫെസ്റ്റിവലി ന്‍റെ വേദികള്‍ക്ക് സമീപകാലത്ത് അന്തരിച്ച നാടകപ്രതിഭകളുടെ പേര് നല്‍കുമെന്ന് അക്കാദമി സെക്രട്ടറി ഡോ. പ്രഭാകരന്‍ പഴശ്ശി പറഞ്ഞു. നാടക പ്രതിഭകളായ പി ബാലചന്ദ്രന്‍, കെ കെ രാജന്‍, എ ശാന്തകുമാര്‍, രാജീവ് വിജയന്‍, ഡോ ജോസ് ജോര്‍ജ്ജ്, അനില്‍ നെടുമങ്ങാട്, കോഴിക്കോട് ശാരദ എന്നിവരുടെ പേരുകളില്‍ ഹോപ്പ് ഫെസ്റ്റ് വേദികള്‍ അറിയപ്പെടും.
ഇറ്റ്‌ഫോക്ക് ഫോട്ടോ പ്രദര്‍ശനം ഡിസംബര്‍ 25 മുതല്‍ ജനുവരി അഞ്ചു വരെ
ഹോപ്പ് ഫെസ്റ്റിന്റെ മുന്നോടിയായി സംഘടിപ്പിക്കുന്ന ഇറ്റ്‌ഫോക്ക് ഫോട്ടോ പ്രദര്‍ശനം ഡിസംബര്‍ 25 മുതല്‍ കേരള സംഗീത നാടക അക്കാദമി അങ്കണത്തില്‍ ആരംഭിക്കും. ഇറ്റ്‌ഫോക്ക് തുടങ്ങിയ 2008 മുതല്‍ക്കുള്ള 12 എഡിഷനുകളിലെ അപൂര്‍വ്വങ്ങളായ ഫോട്ടോകള്‍ ഉള്‍പ്പെടുത്തിയാകും ഫോട്ടോ പ്രദര്‍ശനം സംഘടിപ്പിക്കുക. ഡിസംബര്‍ 25 ന് ആരംഭിക്കുന്ന ഫോട്ടോ പ്രദര്‍ശനം 2022 ജനുവരി അഞ്ചിന് സമാപിക്കും. രാവിലെ പതിനൊന്ന് മുതല്‍ രാത്രി ഒന്‍പത് വരെയായിരിക്കും പ്രദര്‍ശനം. ഫോട്ടോ പ്രദര്‍ശനം സന്ദര്‍ശിക്കുന്നവര്‍ക്ക് ഇറ്റ്‌ഫോക്കിന്റെ 12 എഡിഷനുകളുടെ നാള്‍വഴിയെ കുറിച്ച് വ്യക്തമായ ചിത്രം ലഭിക്കാന്‍ കഴിയുമെന്ന് സെക്രട്ടറി ഡോ.പ്രഭാകരന്‍ പഴശ്ശി പറഞ്ഞു.