കേരള സംഗീത നാടക അക്കാദമി കഥാപ്രസംഗമഹോത്സവം സംഘടിപ്പിക്കുന്നു, ഒപ്പം യുവകാഥികര്‍ക്ക് ധനസഹായവും

തൃശൂർ: കൊവിഡ് 19 മഹാമാരിയുടെ പ്രതിസന്ധിയിലകപ്പെട്ടുപോയ കേരളത്തിലെ കഥാപ്രസംഗ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനും അവര്‍ക്ക് ഏറ്റവും മികച്ച വേദികളില്‍ തങ്ങളുടെ കലാവിഷ്കാരം നടത്തുന്നതിനുമായി സമഗ്രമായ പദ്ധതികളാണ് കേരള സംഗീത നാടക അക്കാദമി ആസൂത്രണം ചെയ്തിരിക്കുന്നത്. ദീര്‍ഘകാലമായി കഥാപ്രസംഗരംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രഗല്ഭമതികളായ 25 സീനിയര്‍ കാഥികരെ പങ്കെടുപ്പിച്ചുകൊണ്ട് തെരഞ്ഞെടുക്കപ്പെട്ട അഞ്ചുകേന്ദ്രങ്ങളിലായി കഥാപ്രസംഗമഹോത്സവം സംഘടിപ്പിക്കുന്നു.

പൂര്‍വ്വകാല പ്രൗഢി നഷ്ടപ്പെട്ട കഥനകലയെ നവീകരിക്കുന്നതിനും പുതുതലമുറയെ ഈ സമ്പുഷ്ടമായ കലയിലേക്ക് കൊണ്ടുവരുന്നതിനുമാണ് ഈ ധനസഹായ പദ്ധതിയിലൂടെ അക്കാദമി ലക്ഷ്യമിടുന്നത്. 20 വയസ്സിനും 40 വയസ്സിനും ഇടയില്‍ പ്രായമുള്ള 50 യുവ കാഥികര്‍ക്ക് 20,000/- രൂപ വീതം ധനസഹായം നല്കുകയാണ്. ധനസഹായത്തിന് അപേക്ഷിക്കുന്ന കാഥികര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കുന്ന അപേക്ഷയോടൊപ്പം ഏറ്റവും പുതിയ ബയോഡാറ്റ, ഗസറ്റഡ് ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തിയ വയസ്സു തെളിയിക്കുന്ന രേഖ, കഥാപ്രസംഗരംഗത്തെ പ്രവര്‍ത്തനപരിചയം തെളിയിക്കുന്ന രേഖകള്‍, 10 മിനിട്ട് ദൈര്‍ഘ്യമുള്ള കഥാപ്രസംഗഭാഗത്തിന്‍റെ സിഡി/പെന്‍ഡ്രൈവ് (ഓര്‍ക്കസ്ട്ര നിര്‍ബന്ധമില്ല) എന്നിവ സമര്‍പ്പിക്കേണ്ടതാണ്. ഒരു സംഘത്തിന്‍റെ ഒരു അപേക്ഷ മാത്രമേ സ്വീകരിക്കുകയുള്ളൂ. തെരഞ്ഞടുക്കുന്ന യുവകാഥികര്‍ അക്കാദമി നിര്‍ദ്ദേശിക്കുന്ന ഒരു കേന്ദ്രത്തില്‍ കഥാപ്രസംഗം അവതരിപ്പിക്കേണ്ടതാണ്. പൂരിപ്പിച്ച അപേക്ഷയും അനുബന്ധരേഖകളും (സിഡി/പെന്‍ഡ്രൈവടക്കം) ജനുവരി 5 ന് വൈകുന്നേരം 5 മണിക്കകം ഓഫീസില്‍ ലഭിച്ചിരിക്കണം. കഥാപ്രസംഗാവതരണം ഈമെയില്‍, വാട്ട്സ്ആപ്പ് എന്നീ മാധ്യമങ്ങളിലൂടെ സ്വീകരിക്കുന്നതല്ലെന്നും, അക്കാദമിയില്‍ ഹാജരാക്കുന്ന രേഖകള്‍ തിരികെ നല്‍കുന്നതല്ലെന്നും കേരള സംഗീത നാടക അക്കാദമി സെക്രട്ടറി ഡോ.പ്രഭാകരന്‍ പഴശ്ശി വാർത്താകുറിപ്പിൽ അറിയിച്ചു.

Related Posts