10 ലക്ഷത്തിലേറെ ടാക്സി വാഹനങ്ങൾ ഉൾപ്പെടുത്തികൊണ്ട് കേരളമൊട്ടാകെ പദ്ധതി വ്യാപിപ്പിക്കും.
കേരളപ്പിറവിദിനത്തിൽ കേരളസവാരി; കേരളത്തിന്‍റെ സ്വന്തം ഓണ്‍ലൈന്‍ ടാക്സി.
പാലക്കാട്: 'കേരളസവാരി' എന്ന ഓൺലൈൻ ടാക്സി-ഓട്ടോ സർവീസുമായി മോട്ടോർത്തൊഴിലാളി ക്ഷേമനിധി ബോർഡ്. കേരളപ്പിറവിദിനമായ നവംബർ ഒന്നിന് തിരുവനന്തപുരത്താണ് മാതൃകാപദ്ധതി തുടങ്ങാൻ ലക്ഷ്യമിടുന്നത്. തുടർന്ന് മറ്റ് ജില്ലകളിലും പദ്ധതി നടപ്പാക്കും.
കഞ്ചിക്കോട് വ്യവസായമേഖലയിലെ കേന്ദ്ര പൊതുമേഖലാസ്ഥാപനമായ പാലക്കാട് ഐ ടി ഐ ലിമിറ്റഡിനാണ് നടത്തിപ്പുചുമതല. ഇതുമായി ബന്ധപ്പെട്ട് തൊഴിൽമന്ത്രി വി ശിവൻകുട്ടിയുടെ സാന്നിധ്യത്തിൽ തിരുവനന്തപുരത്ത് ഉന്നതതല യോഗം നടന്നു.
മോട്ടോർത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ 10 ലക്ഷത്തിലേറെ ടാക്സി വാഹനങ്ങളെ സംവിധാനത്തിലേക്ക് ഉൾപ്പെടുത്തികൊണ്ട് കേരളമൊട്ടാകെ പദ്ധതി വ്യാപിപ്പിക്കാനാവുമെന്നാണ് കരുതുന്നത്. ഇതിന് മുന്നോടിയായി തിരുവനന്തപുരം, എറണാകുളം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ യോഗം വിളിച്ചുചേർത്ത് കാര്യങ്ങൾ വിശദീകരിച്ചിരുന്നു.
പദ്ധതിയുടെ ധാരണാപത്രം അടുത്തദിവസങ്ങളിൽ ഒപ്പുവെക്കുമെന്ന് കേരള മോട്ടോർ ത്തൊഴിലാളി ക്ഷേമനിധിബോർഡ് ചെയർമാൻ അഡ്വ. എം എസ് സ്കറിയ പറഞ്ഞു. യോഗത്തിൽ ലേബർ കമ്മിഷണർ, ഐ ടി, നിയമവകുപ്പ് സെക്രട്ടറിമാർ, ക്ഷേമനിധി ബോർഡ് ചെയർമാൻ, ഐ ടി ഐ പ്രതിനിധികൾ, ട്രാൻസ്പോർട്ട് കമ്മിഷണർ തുടങ്ങിയവർ പങ്കെടുത്തു.