മദ്യം ഇനി മുതൽ ഓൺലൈനായും.
തിരുവനന്തപുരം: ബിവറേജസ് കോർപ്പറേഷന്റെ ചില്ലറവിൽപ്പന കേന്ദ്രങ്ങളിൽ നിന്ന് ഓൺലൈനായി പണമടച്ച് മദ്യം വാങ്ങാം. ആവശ്യമുള്ള മദ്യത്തിന് പണം ഓൺലൈനിൽ അടച്ചശേഷം അതിന്റെ രസീത് ഷോപ്പിൽ കാണിച്ച് മദ്യം വാങ്ങണം. https:booking.ksbc.co.in എന്ന ലിങ്ക് വഴിയാണ് ഓൺലൈനായി മദ്യം ബുക്ക് ചെയ്യേണ്ടത്. ഇതിനായി മൊബെൽഫോൺ നമ്പർ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. ഈ നമ്പറിൽ ലഭിക്കുന്ന ഒറ്റത്തവണ പാസ്സ്വേർഡ് ഉപയോഗിച്ച് രജിസ്ട്രേഷൻ പൂർത്തീകരിക്കണം. തിരഞ്ഞെടുക്കുന്ന മദ്യം കാർട്ടിലേക്കു മാറ്റി ഓർഡർ നൽകാം. ചൊവ്വാഴ്ച മുതൽ തിരുവനന്തപുരത്തെ ഷോപ്പുകളിലും കോഴിക്കോട് പാവമണി റോഡിലെ ഷോപ്പിലും പുതിയ സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ നിലവിൽ വരുമെന്ന് ബിവറേജസ് കോർപ്പറേഷൻ അധികൃതർ അറിയിച്ചു. സംവിധാനം മറ്റു ഷോപ്പുകളിലേക്കും ഉടൻ വ്യാപിപ്പിക്കും.