ബെവ്കോ എംഡി നൽകിയ നിർണായക പരിഷ്കാര ശുപാർശ എക്സൈസ് മന്ത്രി എംവി ഗോവിന്ദൻ മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്.
ബിവറേജസ് കോർപ്പറേഷൻ വഴിയുള്ള മദ്യവിൽപ്പനയിൽ സമഗ്ര പൊളിച്ചെഴുത്തിന് ശുപാർശ
തിരുവനന്തപുരം: ബിവറേജസ് കോർപ്പറേഷൻ വഴിയുള്ള മദ്യവിൽപ്പനയിൽ സമഗ്ര പൊളിച്ചെഴുത്തണമെന്ന് ബെവ്കോ എംഡിയുടെ ശുപാർശ. കൂടുതൽ വില്പന നടത്തുന്ന മദ്യകമ്പനികളിൽ നിന്നും കുറഞ്ഞ ലാഭവിഹിതം മാത്രം ഈടാക്കുകയും പുതുതായി വരുന്ന കമ്പനികളിൽ നിന്നും വൻതുക വാങ്ങുകയും ചെയ്യുന്ന ഫോർമുല മാറ്റണമെന്നാണ് ബെവ്കോ എംഡിയുടെ ശുപാർശ. 15 കമ്പനികൾക്ക് മാത്രം കുത്തക അവകാശം കിട്ടുന്ന രീതി മാറ്റണമെന്ന ശുപാർശ എക്സൈസ് മന്ത്രി മുഖ്യമന്ത്രിക്ക് കൈമാറി.
പതിനായിരം കെയ്സിന് വരെ മദ്യം വിൽക്കുന്ന കമ്പനി 10 ശതമാനം ലാഭവിഹിതം നൽകണം. 10000 കെയ്സി് മുകളിൽ വിറ്റാൽ 20 ശതമാനവും ലാഭവിഹിതവുമെന്നതാണ് പുതിയ നിർദ്ദേശം. 10,000 കെയ്സ് വരെ ബിയർവിൽക്കുന്ന കമ്പനി 10 ശതമാനവും, ഒരു ലക്ഷത്തിന് മുകളിൽ വിൽപ്പനയുള്ള കമ്പനി 30 ശതനവും നൽകണമെന്നാണ് ശുപാർശ. ഇതുവഴി പ്രതിവർഷം 200 കോടിയുടെ അധികവരുമാനം നേടാൻ സാധിക്കുമെന്നാണ് ബെവ്കോ എംഡിയുടെ കണക്ക് കൂട്ടൽ. ബെവ്കോ എംഡി നൽകിയ നിർണായക പരിഷ്കാര ശുപാർശ എക്സൈസ് മന്ത്രി എംവി ഗോവിന്ദൻ മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്.
മദ്യകമ്പനികളുമായി വർഷങ്ങള്‍ക്കു മുമ്പ് ഉണ്ടാക്കിയിട്ടുള്ള ഒരു ഫോർമുല പ്രകാരമാണ് ബെവ്ക്കോ മദ്യം വാങ്ങുന്നത്. ഈ ഫോർമുലയിലൂടെ ബെവ്കോയ്ക്ക് ഉണ്ടാകുന്നത് നഷ്ടം മാത്രമെന്നാണ് പുതിയ ബെവ്കോ എംഡി ശ്യാം സുന്ദറിൻറെ റിപ്പോർട്ട്. മദ്യവിൽപ്പനയുടെ 90 ശതമാനവും കൈയടിക്കിയിരിക്കുന്നത് 15 കമ്പനികളാണ്. വെയ്ർ ഹൗസിൻെറ 90 ശതമാനവും ഇവരുടെ കയ്യിലാണ്. എന്നാൽ ഈ കമ്പനികളുടെ മദ്യവിൽപ്പന വഴി കിട്ടുന്നതിൽ 7 ശതമാനം ലാഭവിഹിതം മാത്രമാണ് ബെവ്ക്കോക്ക് നൽകുന്നത്. പുതിയ ബ്രാൻറുകള്‍ വരുന്നതിനെ ഈ കമ്പനികള്‍ തടയിടുകയാണ്.
പുതിയ ഒരു ബ്രാൻറുമായി പുതിയ കമ്പനിയെത്തിയാൽ മദ്യവിൽപ്പനയിൽ കിട്ടുന്നതിൻെറ 21 ശതമാനം നൽകണമെന്നാണ് വ്യവസ്ഥ. എന്നാൽ ഈ കമ്പനികള്‍ക്ക് വെയ്‍ർ ഹൗസിൽ നിന്നും പരമാവധി 6000 കെയസ് മദ്യം കൊണ്ട് പോകാൻ മാത്രമാണ് കഴിയുന്നത്. സർക്കാരിന് കൂടുതൽ ലാഭം നൽകുന്ന കമ്പനികള്‍ക്ക് വെയർഹൗസിൽ സ്ഥലവും നൽകുന്നില്ല, ഔട്ട് ലെറ്റുകളിൽ പ്രോത്സാഹനവുമില്ല. കോടികളുടെ വിൽപ്പന നടത്തുന്നവർ കുറഞ്ഞ ലാഭ വിഹിതവും, കൂടുതൽ ലാഭ വിഹിതം നൽകുന്ന കമ്പനികള്‍ക്ക് വിൽപ്പനക്കുള്ള സ്വാതന്ത്രവുമില്ല. ഈ അവസ്ഥമാറി എല്ലാ കമ്പനികള്‍ക്കുമായി പ്രത്യേക സ്ലാബാണ് ശുപാർശ ചെയ്യുന്നത്.