ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു. ചുഴലിക്കാറ്റ് മുന്നറിയിപ്പ്.

നാളെ രാവിലെയോടെ ന്യൂനമർദ്ദം ശക്തിപ്പെട്ട് തീവ്ര ന്യൂനമർദ്ദമാകാൻ സാധ്യത.

മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ഇന്ന് രാവിലെ 08.30 ഓടുകൂടി ന്യൂനമർദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചു. നാളെ രാവിലെയോടെ ന്യൂനമർദ്ദം ശക്തിപ്പെട്ട് തീവ്ര ന്യൂനമർദ്ദമാകാൻ സാധ്യത. ഇത് വടക്ക് - വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് മെയ്‌ 24 ഓടെ ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായും തുടർന്ന് അടുത്ത 24 മണിക്കൂറിൽ വീണ്ടും ശക്തി പ്രാപിച്ച് അതിശക്തമായ ചുഴലിക്കാറ്റായും മാറാൻ സാധ്യത.

തുടർന്നും വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് മെയ്‌ 26 ന് രാവിലെ പശ്ചിമ ബംഗാളിനും വടക്കൻ ഒഡിഷ തീരത്തിനുമിടയിൽ എത്തിച്ചേർന്നു മെയ്‌ 26 ന് വൈകുന്നേരത്തോടെ പശ്ചിമ ബംഗാളിനും ഒഡിഷയുടെ വടക്കൻ തീരത്തിനുമിടയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒമാൻ നിർദ്ദേശിച്ച 'യാസ്' എന്ന പേരിലാണ് ചുഴലിക്കാറ്റ് അറിയപ്പെടുക.

മെയ് 22 മുതൽ മെയ് 24 വരെ തെക്കു കിഴക്കൻ - മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിലും, ആൻഡമാൻ കടലിലും, ആൻഡമാൻ-നിക്കോബാർ ദ്വീപുകളുടെ തീരപ്രദേശങ്ങളിലും മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല. നിലവിൽ ഈ പ്രദേശങ്ങളിൽ ആഴക്കടൽ മത്സ്യ ബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്ന മത്സ്യ തൊഴിലാളികൾ ഉടനെത്തന്നെ തീരത്ത് മടങ്ങിയെത്തുവാൻ നിർദേശം നൽകി.

ന്യൂനമർദത്തിന്റെ പ്രതീക്ഷിക്കുന്ന സഞ്ചാര പഥത്തിൽ കേരളം ഉൾപ്പെടുന്നില്ല. കേരളത്തിൽ മെയ് 26 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ന്യൂനമർദ്ദ രൂപീകരണവും അതുമായി ബന്ധപ്പെട്ട് കേരളത്തിലെ ദിനാവസ്ഥയിൽ വരാൻ സാധ്യതയുള്ള മാറ്റങ്ങളും ദുരന്ത നിവാരണ അതോറിറ്റിയും കേന്ദ്ര കാലവസ്ഥ വകുപ്പും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.

Related Posts