'അരികെ'യാണ് ആശ്വാസം; മതിലകം ബ്ലോക്കിൽ ഇനി കിടപ്പ് രോഗികൾക്ക് വീട്ടിലെത്തി വാക്‌സിൻ നൽകും. .

മതിലകം:

കിടപ്പുരോഗികളായ മുതിർന്ന പൗരന്മാർക്ക് വീടുകളിലെത്തി വാക്സിൻ നൽകുന്ന 'അരികെ' പദ്ധതിക്ക് മതിലകം ബ്ലോക്ക് പഞ്ചായത്തിൽ തുടക്കം. ബ്ലോക്ക് പഞ്ചായത്തും പാലിയേറ്റീവ് കെയറും സംയുക്തമായാണ് അരികെ പദ്ധതി സംഘടിപ്പിക്കുന്നത്. സമഗ്ര പാലിയേറ്റീവ് വയോജന പരിചരണ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ പാലിയേറ്റീവ് പരിചരണത്തിലുള്ള മുഴുവൻ രോഗികൾക്കും കൊവിഡ് വാക്‌സിൻ നൽകുന്ന പദ്ധതിയാണ് അരികെ. ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള എറിയാട് ഗ്രാമപഞ്ചായത്തിലെ മാടവന കുടുംബാരോഗ്യ കേന്ദ്രത്തിലാണ് പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്.

ബ്ലോക്ക് പരിധിയിൽ 224 കിടപ്പ് രോഗികളാണുള്ളത്. തീരെ അവശരായവർക്കാണ് ആദ്യ ഘട്ടത്തിൽ വാക്സിൻ നൽകുക. ഇതിനായി രോഗികളുടെ സമ്മതപത്രം നിർബന്ധമാണ്. ഡോക്ടർ അടക്കമുള്ള മെഡിക്കൽ ടീം വീട്ടിലെത്തി പരിശോധന നടത്തിയ ശേഷമാണ് കുത്തിവയ്പ് എടുക്കുക. തുടർന്ന് രോഗിയെ അര മണിക്കൂർ നിരീക്ഷിക്കുകയും ചെയ്യും. ആശ പ്രവർത്തകയോ സന്നദ്ധ പ്രവർത്തകരോ ആയ ആളെ ഇതിനായി നിയോഗിക്കും. വാക്സിൻ സ്വീകരിച്ച ആളിന് ശാരീരിക അസ്വസ്ഥതകൾ പ്രകടമായാൽ വിവിരം മെഡിക്കൽ ഓഫീസറെ അറിയിച്ച് എത്രയും പെട്ടെന്ന് വൈദ്യസഹായം ലഭ്യമാക്കാനും സൗകര്യം ഒരുക്കിയിട്ടുണ്ട്.

ആശ വർക്കർമാരുടെയും അങ്കണവാടി ടീച്ചർമാരുടെയും സഹായത്തോടെ കിടപ്പ് രോഗികളുടെ വിവരങ്ങൾ ശേഖരിച്ച് മുൻഗണന ക്രമമനുസരിച്ചാണ് വാക്സിൻ നൽകുന്നത്. കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ച് പിപിഇ കിറ്റ്, ഗ്ലൗസ്, മാസ്ക്, ഫെയ്സ് ഷീൽഡ് എന്നിവ ധരിച്ചാണ് മെഡിക്കൽ ടീം വാക്സിൻ നൽകുന്നത്. ഓരോ വീട്ടിലും എത്തുന്ന വാക്സിനേഷൻ സംഘത്തിൽ ഒരു മെഡിക്കൽ ഓഫീസർ, വാക്സിൻ നൽകുന്നയാൾ, സഹായിയായി ആശവർക്കർ, അങ്കണവാടി ടീച്ചർ, അല്ലെങ്കിൽ സന്നദ്ധ പ്രവർത്തകർ എന്നിവർ ഉണ്ടാകും. ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് സി കെ ഗിരിജ പദ്ധതി ഉദ്‌ഘാടനം ചെയ്തു. എറിയാട് പഞ്ചായത്ത്‌ പ്രസിഡന്റ് കെ പി രാജൻ, ആശുപത്രി സൂപ്രണ്ട് ഭുവനേശ്വരി എന്നിവർ പങ്കെടുത്തു.

Related Posts