ജയിലറിൽ മോഹൻലാൽ? രജനീകാന്ത് ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുമെന്ന് സൂചന
രജനീകാന്തിനെ നായകനാക്കി നെൽസൺ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ജയിലർ'. പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ഓരോ അപ്ഡേറ്റും ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട ഒരു വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മോഹൻലാലും ചിത്രത്തിലുണ്ടാകാം എന്നാണ് റിപ്പോർട്ടുകൾ. മോഹൻലാൽ അതിഥി വേഷത്തിൽ എത്തുമെന്നാണ് സൂചന. പ്രചരിക്കുന്ന വാർത്തകൾ ശരിയാണെങ്കിൽ രണ്ട് കാര്യങ്ങൾ സ്ഥിരീകരിക്കാമെന്നാണ് ആരാധകരുടെ അഭിപ്രായം. മോഹൻലാലും രജനികാന്തും ആദ്യമായി ഒന്നിക്കുന്ന ചിത്രമാവും ജയിലർ. മൂന്ന് ഭാഷകളിലെയും സൂപ്പർതാരങ്ങൾ ഒന്നിക്കുന്ന ആദ്യ ചിത്രമെന്ന ഖ്യാതി ജയിലറിന് ഉണ്ടാകും എന്നതാണ് രണ്ടാമത്തേത്. കന്നഡ സൂപ്പർ സ്റ്റാർ ശിവരാജ് കുമാർ ജയിലറിൽ ഒരു നിർണ്ണായക വേഷം കൈകാര്യം ചെയ്യുന്നുണ്ട്. 2022 ഡിസംബറിൽ പുറത്തിറങ്ങിയ ജയിലറിന്‍റെ ടീസറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. മുത്തുവേൽ പാണ്ഡ്യൻ എന്ന ജയിലറുടെ വേഷമാണ് രജനീകാന്ത് അവതരിപ്പിക്കുന്നത്. സംവിധായകൻ നെൽസൺ തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. തമന്നയാണ് നായിക. അനിരുദ്ധ് ആണ് സംഗീത സംവിധായകൻ. സൺ പിക്ചേഴ്സ് നിർമ്മിക്കുന്ന ചിത്രം ഈ വർഷം ഏപ്രിൽ 14ന് തീയേറ്ററുകളിലെത്തും.