ഗ്രാമീണർക്കെതിരെ പ്രകോപനമില്ലാതെ വെടിയുതിർത്തതിന് ഇന്ത്യൻ സൈന്യത്തിനെതിരെ കേസെടുത്ത് നാഗാലാൻഡ് പൊലീസ്

നാഗാലാൻഡ്: മ്യാൻമറുമായി അതിർത്തി പങ്കിടുന്ന ഓട്ടിങ് ഗ്രാമത്തിൽ സുരക്ഷസേന നടത്തിയ വെടിവെപ്പിൽ 13 ഗ്രാമീണർ കൊല്ലപ്പെട്ടതിനെ തുടർന്ന് അക്രമാസക്തരായ ജനക്കൂട്ടം നടത്തിയ അക്രമത്തിൽ ഒരു ജവാനും കൊല്ലപ്പെട്ടു. സംഘർഷത്തിൽ രണ്ട് പേർ കൂടി കൊല്ലപ്പെട്ടതോടെ മരിച്ച ഗ്രാമീണരുടെ എണ്ണം പതിനഞ്ചായി. വെടിവെപ്പിൽ കൊല്ലപ്പെട്ട ഗ്രാമീണരുടെ മൃതദേഹം ഇന്ന് സംസ്കരിക്കും.അതേസമയം ഗ്രാമീണർ കൊല്ലപ്പെട്ടതിന് പിന്നാലെ ഉണ്ടായ സംഘർഷം തുടരുകയാണ്. സുരക്ഷാ സേനയുടെ വെടിവെപ്പിൽ ഗ്രാമീണർ കൊല്ലപ്പെട്ടതില്‍ ‘21– പാരാസ്പെഷല്‍’ ഫോഴ്സിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നാഗാലാന്‍ഡ് പൊലീസ് കേസെടുത്തു. ഒരു പ്രകോപനവുമില്ലാതെ ഗ്രാമീണര്‍ക്ക് നേരെ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നവെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. സംഭവത്തിൽ നിരവധി ഗ്രാമീണർക്കും സുരക്ഷാ സേനയിലെ ചിലർക്കും പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.നിരോധനാജ്ഞ നിലനിൽക്കുന്ന മോൺ ജില്ലയിൽ സുരക്ഷ ശക്തമാക്കി. സംഘർഷാവസ്ഥ നിലനിൽക്കുന്ന മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി ഇന്ന് തലസ്ഥാനമായ കൊഹിമയിൽ ചേരുന്ന ഉന്നതതല യോഗത്തിൽ ഡൽഹിയിൽ നിന്ന് തിരിച്ചെത്തിയ മുഖ്യമന്ത്രി നെയ്ഫിയു റിയോ, ഉന്നത സൈനിക ഉദ്യോഗസ്ഥർ, പൊലീസ് ഉദ്യോഗസ്ഥർ, ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.

Related Posts