2021-ൽ ലോകത്ത് ഏറ്റവുമധികം തെറ്റായി ഉച്ചരിക്കപ്പെട്ട വാക്കുകളിൽ ഒന്നായി ഒമിക്രോൺ
ലോകത്തുടനീളമുള്ള മാധ്യമ പ്രവർത്തകരും വാർത്താ വായനക്കാരും ഏറ്റവുമധികം തവണ തെറ്റായി ഉച്ചരിച്ച വാക്കുകളുടെ പട്ടികയിൽ കൊവിഡിൻ്റെ പുതിയ വകഭേദമായ ഒമിക്രോണും. അമേരിക്കൻ, ബ്രിട്ടീഷ് ഉച്ചാരണങ്ങളിലെ വ്യത്യസ്തതകൾക്കു പുറമേ വായിൽ ഒതുങ്ങാത്ത തൊന്തരവ് വാക്കായാണ് ഒമിക്രോണിനെ മിക്കവരും കണ്ടതും കേട്ടതും. വാർത്താ വായനക്കാരിൽ മിക്കവരും തപ്പിത്തടഞ്ഞാണ് ഒമിക്രോൺ എന്ന് ഉച്ചരിച്ചതെന്ന് ഒരു സർവേ വെളിപ്പെടുത്തുന്നു.
ബ്രിട്ടീഷ് പോപ്പ് ഗായിക ബിലി ഐലിഷിൻ്റെ പേരും പട്ടികയിലുണ്ട്. ഈ വർഷം ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ എത്തിയ സ്റ്റെഫനോസ് റ്റ്സിറ്റ്സിപാസ് എന്ന ലോകത്തെ നാലാം നമ്പർ ടെന്നിസ് താരത്തിൻ്റെ പേരാണ് നാക്കുളുക്കിച്ച മറ്റൊരു പേര്.
ഒട്ടും ഫാഷനബിൾ അല്ലാത്ത എന്തിനേയും വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന ചൂഗീ എന്ന വാക്ക് ഉച്ചാരണപ്പിശകിൽ മുൻനിരയിൽ തന്നെയുണ്ട്. മറ്റു വാക്കുകൾ ഇവയാണ്: ഗ്ലാസ്ഗൊ
(കാലാവസ്ഥാ ഉച്ചകോടി നടന്ന സ്കോട്ലൻഡ് നഗരം), യാസ്സിഫൈ (ജനപ്രിയ ബ്യൂട്ടി ട്രെൻഡ്), എവർഗിവൺ (സൂയസ് കനാലിൽ തടസ്സമുണ്ടാക്കിയ കപ്പൽ), ഡോഷ് കോയിൻ (എലോൺ മസ്ക് പ്രചാരം നൽകിയ ക്രിപ്റ്റോ കറൻസി). ഇതിൽ ഗ്ലാസ്ഗൊ നഗരത്തെ തെറ്റായി ഉച്ചരിച്ചവരിൽ രണ്ട് പ്രമുഖരുണ്ട്. അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡനും മുൻ പ്രസിഡൻ്റ് ബരാക്ക് ഒബാമയും. എവർ ഗിവൺ എന്ന കപ്പൽ എവർഗ്രീൻ എന്നാണ് കൂടുതൽ തവണ തെറ്റായി ഉച്ചരിക്കപ്പെട്ടത്.
കഴിഞ്ഞ വർഷത്തെ പട്ടികയിൽ അമേരിക്കൻ പകർച്ചവ്യാധി വിദഗ്ധൻ ആൻ്റണി ഫൗച്ചി, അമേരിക്കൻ വൈസ് പ്രസിഡൻ്റ് കമല ഹാരിസ് എന്നിവരുടെ പേരുകളും ഉൾപ്പെട്ടിരുന്നു. കൊമ് ല എന്നാണ് ഹാരിസിൻ്റെ ഏറെക്കുറെ അംഗീകരിക്കപ്പെട്ട അമേരിക്കൻ ഉച്ചാരണം.