കേരള സംഗീത നാടക അക്കാദമി അങ്കണത്തില്‍ വാദ്യകുലപതി പെരുവനം കുട്ടന്‍ മാരാരുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വാദ്യമേളത്തില്‍ 150 ഓളം കലാകാരന്‍മാര്‍ അണിനിരക്കും
ഹോപ്പ് ഫെസ്റ്റിന്‍റെ പ്രഥമദിനത്തില്‍ നാദ-താള-വാദ്യവിസ്മയം തീര്‍ക്കാന്‍ പെരുവനം കുട്ടന്‍ മാരാരുടെ ഇലഞ്ഞിത്തറമേളവും
തൃശ്ശൂർ: കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന ഹ്രസ്വ വര്‍ഷാന്ത സാംസ്‌കാരികോത്സവമായ ഹോപ്പ് ഫെസ്റ്റിന്‍റെ ആരംഭ ദിനമായ ഡിസംബര്‍ 29 ന് കലാസ്വാദകരുടെ ഹൃദയത്തില്‍ വാദ്യവിസ്മയം തീര്‍ക്കാന്‍ തൃശ്ശൂര്‍പൂരത്തിന്‍റെ വാദ്യപ്പെരുമ ലോകത്തിന്‍റെ നെറുകയില്‍ എത്തിച്ച പെരുവനം കുട്ടന്‍ മാരാരുടെ ഇലഞ്ഞിത്തറമേളം അതേ ശോഭയോടും വാദ്യത്തിന്‍റെ അകമ്പടിയോടെയും അക്കാദമി അങ്കണത്തത്തില്‍ വൈകീട്ട് 3.30 ന് സംഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. പെരുവനം കുട്ടന്‍ മാരാരുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഈ വാദ്യമേളത്തില്‍ 150 ഓളം കലാകാരന്‍മാരെ അണിനിരത്തും. കൊവിഡ് പ്രതിസന്ധിയാല്‍ ജീവിതം വഴിമുട്ടിയ നിരവധി വാദ്യ കലാകാരന്‍മാര്‍ക്കുള്ള അതിജീവനത്തിന്‍റെ പാത കൂടിയാണ് ഇതിലൂടെ അക്കാദമി തുറന്നു കൊടുക്കുന്നതെന്നും വാർത്താകുറിപ്പിൽ അറിയിച്ചു. ലോകപ്രശസ്തമായ ഇലഞ്ഞിത്തറമേളം ഇത്രയധികം വാദ്യകലാകാരന്‍മാരുടെ പങ്കാളിത്തോടെ മറ്റ് വേദികളില്‍ അവതരിപ്പിക്കുന്നതും അത്യപൂര്‍വ്വമാണ്. ഒന്നര മണിക്കൂര്‍ നീണ്ടുനില്‍ക്കുന്നതായിരിക്കും ഈ വാദ്യവിസ്മയം.