പി എം കെയേഴ്സ് വിവരാവകാശ നിയമത്തിനു കീഴിൽ വരില്ലെന്ന് കേന്ദ്ര സർക്കാർ
പി എം കെയേഴ്സ് എന്നറിയപ്പെടുന്ന പ്രൈം മിനിസ്റ്റേഴ്സ് സിറ്റിസൺ അസിസ്റ്റൻസ് ആൻ്റ് റിലീഫ് ഇൻ എമർജൻസി സിറ്റുവേഷൻസ് ഫണ്ട് വിവരാവകാശ നിയമത്തിൻ്റെ പരിധിയിൽ വരുന്നില്ലെന്ന് കേന്ദ്ര സർക്കാരും പ്രധാനമന്ത്രിയുടെ ഓഫീസും ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. പി എം കെയേഴ്സിൻ്റെ നിയമപരമായ അസ്തിത്വത്തെപ്പറ്റി ആരാഞ്ഞുകൊണ്ടുള്ള ഹർജിയിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. ചീഫ് ജസ്റ്റിസ് ഡി എൻ പട്ടേൽ, ജസ്റ്റിസ് ജോതി സിങ്ങ് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിനു മുമ്പാകെ കേന്ദ്രം സമർപ്പിച്ച സത്യവാങ്ങ്മൂലത്തിലാണ് വിവരങ്ങൾ ഉള്ളത്.
ഒരു പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ് ആയാണ് പി എം കെയേഴ്സിൻ്റെ രൂപീകരണം. പാർലമെൻ്റോ സംസ്ഥാന നിയമസഭകളോ പാസ്സാക്കിയ നിയമ പ്രകാരമല്ല ഫണ്ട് രൂപീരിച്ചത്. അത് ഒരു ഭരണഘടനാ സ്ഥാപനവുമല്ല.
വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമുള്ള സംഭാവനകളാണ് ഫണ്ടിൻ്റെ പ്രവർത്തനങ്ങൾക്ക് അടിസ്ഥാനം. കേന്ദ്ര സർക്കാരുമായി അതിന് യാതൊരു ബന്ധവുമില്ല. അത് ഏതെങ്കിലും സർക്കാർ പദ്ധതികളുടെ ഭാഗമല്ല. പൊതു ട്രസ്റ്റ് ആയതിനാൽ സി എ ജി ഓഡിറ്റിൻ്റെ പരിധിയിൽ വരില്ലെന്നും സർക്കാർ സമർപ്പിച്ച സത്യവാങ്ങ്മൂലത്തിൽ പറയുന്നു.