പ്രീതി സിൻ്റയ്ക്ക് ഇരട്ടക്കുട്ടികൾ, സന്തോഷ വാർത്ത പങ്കുവെച്ച് താരം

പ്രീതി സിൻ്റയ്ക്കും പങ്കാളിയായ ജീൻ ഗുഡ് ഇനഫിനും ഇരട്ടക്കുട്ടികൾ പിറന്നു. ജയ് എന്നും ജിയ എന്നുമാണ് കുട്ടികളുടെ പേരുകൾ. വാടക ഗർഭധാരണത്തിലൂടെയാണ് ഇരുവർക്കും കുട്ടികൾ പിറന്നിരിക്കുന്നത്.

"വിസ്മയകരമായ ഒരു വാർത്ത എല്ലാവരുമായി പങ്കുവെയ്ക്കാൻ ആഗ്രഹിക്കുന്നു. ജീനും ഞാനും ഇന്നത്തെ ദിവസം അമിതമായ ആഹ്ലാദത്തിലും അങ്ങേയറ്റം ആവേശത്തിലുമാണ്. കൃതജ്ഞതാ നിർഭരമാണ് ഞങ്ങളുടെ ഹൃദയം. ജയ് സിൻ്റ ഗുഡ് ഇനഫ്, ജിയ സിൻ്റ ഗുഡ് ഇനഫ് എന്നീ ഇരട്ടക്കുട്ടികളെ ജീവിതത്തിലേക്ക് സ്വാഗതം ചെയ്യുകയാണ്. ഏറെ ആവേശം നിറഞ്ഞ പുതിയൊരു ജീവിത ഘട്ടത്തിലേക്കാണ് ഞങ്ങൾ പ്രവേശിക്കുന്നത്. അവിശ്വസനീയമായ ഈ യാത്രയിൽ കൂടെനിന്ന ഡോക്ടർമാർ, നഴ്സുമാർ അടക്കമുള്ളവരോടും സറൊഗേറ്റിനോടും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു,'' താരം സോഷ്യൽ മീഡിയയിൽ കുറിച്ചു.

2016-ലാണ് താരം ജീൻ ഗുഡ് ഇനഫിനെ വിവാഹം കഴിക്കുന്നത്. ലോസ് ഏഞ്ചലസ് ആസ്ഥാനമായ ഹൈഡ്രോ ഇലക്ട്രിക് പവർ കമ്പനിയിൽ സീനിയർ വൈസ് പ്രസിഡൻ്റാണ് അമേരിക്കക്കാരനായ ജീൻ. ലോസ് ഏഞ്ചലസിലാണ് ഇരുവരും താമസിക്കുന്നത്. 1998-ൽ മണി രത്നം സംവിധാനം ചെയ്ത 'ദിൽസേ' എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ പ്രീതി സിൻ്റ 'കൽ ഹോ ന ഹോ', 'വീർ സാറാ', 'കഭി അൽവിദ ന കഹ്ന', 'ക്യാ കഹ്ന', 'സംഘർഷ് ', 'ദിൽ ചാഹ്താ ഹെ', 'ഫർസ് ' തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ അഭിനയം കാഴ്ചവെച്ചിട്ടുണ്ട്.

Related Posts