ഫസ്റ്റ് ലുക്ക് രാവിലെയും മോഷൻ പോസ്റ്റർ വൈകീട്ടുമാണ് റിലീസ് ചെയ്യുന്നത്.
രജനികാന്ത് 100 കോടി വാങ്ങിയ 'അണ്ണാത്തെ': ഫസ്റ്റ് ലുക്കും മോഷൻ പോസ്റ്ററും നാളെ റിലീസ് ചെയ്യും
സൂപ്പർസ്റ്റാർ രജനികാന്തിൻ്റെ ഏറ്റവും പുതിയ ചിത്രം 'അണ്ണാത്തെ' യുടെ ഫസ്റ്റ് ലുക്ക്, മോഷൻ പോസ്റ്ററുകൾ നാളെ റിലീസ് ചെയ്യും. ഫസ്റ്റ് ലുക്ക് രാവിലെയും മോഷൻ പോസ്റ്റർ വൈകീട്ടുമാണ് റിലീസ് ചെയ്യുന്നത്. ദർബാറിനു ശേഷം ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് അണ്ണാത്തെ.
108 കോടി രൂപയാണ് ചിത്രത്തിൽ അഭിനയിക്കുന്നതിനുള്ള പ്രതിഫലമായി രജനികാന്ത് ആവശ്യപ്പെട്ടിരുന്നതെന്നും, എന്നാൽ നിർമാതാക്കളായ സൺ പിക്ചേഴ്സിൻ്റെ കലാനിധി മാരനുമായുള്ള നിരവധി ചർച്ചകൾക്കുശേഷം പ്രതിഫലം 100 കോടിയിൽ പരിമിതപ്പെടുത്താൻ താരം തയ്യാറായെന്നുമുള്ള വാർത്തകൾ സിനിമാ മേഖലയിൽ വലിയ വാർത്തയായിരുന്നു.
മീന, ഖുശ്ബു, നയൻതാര, കീർത്തി സുരേഷ് എന്നീ നാല് നായികമാരാണ് ചിത്രത്തിലുള്ളത്. ഇതിൽ കീർത്തി സുരേഷ് ചെയ്യുന്നത് രജനിയുടെ മകളുടെ വേഷമാണെന്നും റിപ്പോർട്ടുകളുണ്ട്. ജാക്കി ഷറോഫ്, ജഗപതി ബാബു, പ്രകാശ് രാജ്, വേല രാമമൂർത്തി, സൂരി, സതീഷ്, കബാലി വിശ്വനാഥ് തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്.
വെറ്റ്റി ഛായാഗ്രഹണവും റൂബൻ എഡിറ്റിങ്ങും നിർവഹിക്കുന്ന ചിത്രത്തിൻ്റെ സംഗീത സംവിധായകൻ ഡി ഇമ്മൻ ആണ്. 2020 സെപ്റ്റംബർ 25 ന് സിനിമാ ലോകത്തോട് വിട പറഞ്ഞ എസ് പി ബാലസുബ്രഹ്മണ്യം അവസാനമായി പാടിയ പാട്ട് അണ്ണാത്തെയിലേതാണ്.