സ്വയം ബോധ്യപ്പെടാത്ത കാര്യങ്ങൾ സംസാരിക്കുമ്പോൾ എത്ര രാഷ്ട്രീയ പരിചയമുള്ളവരും പതറിപ്പോകുമെന്ന് ശാരദക്കുട്ടി
സ്വയം ബോധ്യപ്പെടാത്ത കാര്യങ്ങൾ സംസാരിക്കുമ്പോൾ എത്ര രാഷ്ട്രീയ പരിചയമുള്ളവരും പതറിപ്പോകുമെന്നും ബബ്ബ ബ്ബബ്ബ എന്ന് എന്തൊക്കെയോ പരസ്പര ബന്ധമില്ലാതെ പറയുമെന്നും പ്രശസ്ത എഴുത്തുകാരി ശാരദക്കുട്ടി. കേടായ പാൽ പോലെ ചോദ്യവും ഉത്തരവും പിരിഞ്ഞു കിടക്കും.
ചാനലുകളിൽ വിവാഹ പ്രായം സംബന്ധിച്ച ചർച്ചകളിൽ സംസാരിച്ച ജനാധിപത്യ മഹിളാ അസോസിയേഷൻ ഭാരവാഹികൾക്കും അവരുടെ പക്ഷം സംസാരിക്കുവാൻ നിയോഗിക്കപ്പെട്ടവർക്കും അവർ പറയുന്നതെന്താണെന്നതിനെക്കുറിച്ച് ഒരു ഉള്ളുറപ്പും ഇല്ലായിരുന്നു. അവരിലൊരാളുടെ പോലും കുറിപ്പുകളിൽ വ്യക്തതയില്ല, ആത്മവിശ്വാസമില്ല.
ബോധ്യമില്ലാത്ത കാര്യങ്ങൾ പൊതുവിടങ്ങളിൽ പറയാൻ നിർബ്ബന്ധിതരാകുന്നതിനേക്കാൾ ഗതികെട്ട ഒരവസ്ഥ വേറെയില്ലെന്ന് എഴുത്തുകാരി പറഞ്ഞു. കെ റെയിൽ ചർച്ചയിൽ എം സുചിത്രയുടെ ആത്മാർഥത സ്ഫുരിക്കുന്ന ചിന്തകൾ, ആത്മവിശ്വാസം നിറഞ്ഞ ആർജവം, കാര്യങ്ങൾ ബോധ്യപ്പെടുത്തി തരുന്നതിലെ അനായാസത, പറയുന്ന വിഷയത്തിലുള്ള പരിജ്ഞാനവും വിശ്വാസവും ഒക്കെ കണ്ടപ്പോൾ ആദ്യത്തേതിലെ പരിഹാസ്യത ഇരട്ടിച്ചു.
സ്വയം ബോധ്യപ്പെടാത്തത് സംസാരിക്കരുത് എന്ന പാഠം പഠിക്കാനെങ്കിലും ഇന്നലത്തെ ചാനൽ ചർച്ചകൾ എല്ലാവരും ഒന്നു കാണുന്നത് നന്നായിരിക്കുമെന്നും ശാരദക്കുട്ടി പറഞ്ഞു.