കോൺഗ്രസ്സില്ലാത്ത ഒരു രാഷ്ട്രീയ മുന്നണിയും സാധ്യമല്ലെന്ന് ശിവസേന
കോൺഗ്രസ്സില്ലാതെ ബി ജെ പി ക്കെതിരെ ഒരു രാഷ്ട്രീയ മുന്നണിയും സാധ്യമല്ലെന്ന് ശിവസേന. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന് ഒരു മുന്നണിയെ നയിക്കാനുള്ള കഴിവുണ്ട്. എന്നാൽ കോൺഗ്രസ്സില്ലാതെ ഒരു രാഷ്ട്രീയ മുന്നണി രൂപീകരിക്കുന്നത് സംബന്ധിച്ച ചർച്ചകൾക്ക് പ്രസക്തിയില്ലെന്ന് ശിവസേന നേതാവും എം പി യുമായ സഞ്ജയ് റാവത്ത് പറഞ്ഞു.
ബി ജെ പി യെ നേരിടാനുള്ള മുന്നണിയെക്കുറിച്ച് തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി പറഞ്ഞപ്പോഴും ശിവസേനയുടെ അഭിപ്രായം ഇതുതന്നെ ആയിരുന്നെന്ന് റാവത്ത് പറഞ്ഞു. കോൺഗ്രസ്സിനെ ഒപ്പം കൊണ്ടുപോകണമെന്നാണ് ശിവസേന അന്നും ആവശ്യപ്പെട്ടത്.
കെ സി ആർ എന്നറിയപ്പെടുന്ന തെലങ്കാന രാഷ്ട്ര സമിതി (ടി ആർ എസ്) തലവൻ കെ ചന്ദ്രശേഖര റാവു ഇന്നലെ മുംബൈയിലെത്തി ശിവസേനാ മേധാവിയും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സഞ്ജയ് റാവത്തും നടൻ പ്രകാശ് രാജും യോഗത്തിൽ പങ്കെടുത്തു. മുംബൈ സന്ദർശനത്തിനിടെ നാഷണലിസ്റ്റ് കോൺഗ്രസ് പാർടി (എൻ സി പി) നേതാവ് ശരത് പവാറുമായും റാവു കൂടിക്കാഴ്ച നടത്തി.