സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു; മമ്മൂട്ടി മികച്ച നടൻ, വിൻസി അലോഷ്യസ് മികച്ച നടി
തിരുവനന്തപുരം: അന്‍പത്തി മൂന്നാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി മമ്മൂട്ടി. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാന മികവില്‍ പുറത്തിറങ്ങിയ നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മമ്മൂട്ടിക്ക് പുരസ്കാരം. ചിത്രത്തിൽ ജെയിംസായും സുന്ദരമായും പകർന്നാടിയ മമ്മൂട്ടി പുരസ്കാരം ഏറെക്കുറെ ഉറപ്പിച്ചിരുന്നു. രേഖ എന്ന ചിത്രത്തിലൂടെ വിന്‍ഷി അലോഷ്യസ് മികച്ച നടിക്കുള്ള പുരസ്കാരം കരസ്ഥമാക്കി.
മമ്മൂട്ടിക്ക് അവസാന നിമിഷം വെല്ലുവിളിയായി 'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ കുഞ്ചാക്കോ ബോബനും ഉണ്ടായിരുന്നു. എന്നാല്‍ മികച്ച നടനുള്ള പ്രത്യേക ജൂറി പരാമർശമാണ് കുഞ്ചോക്കോ ബോബന് ലഭിച്ചത്. അപ്പന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് അലന്‍സിയറും മികച്ച നടനുള്ള പ്രത്യേക പുരസ്കാരം നേടി. മികച്ച സ്വഭാവ നടനുള്ള പുരസ്കാരം പിപി കുഞ്ഞികൃഷ്ണനും ( ന്നാ താന്‍ കേസ് കൊട്), സ്വഭാവ നടിക്കുള്ള പുരസ്കാരം ദേവി വർമ്മയും (സൗദി വെള്ളക്ക) നേടി.