രാജ്യത്തെ യുദ്ധ വിമാന പൈലറ്റാകുന്ന ആദ്യ മുസ്ലിം വനിത; അഭിമാനമായി സാനിയ മിർസ
മിര്‍സാപുര്‍: ഉത്തർപ്രദേശിലെ മിർസാപൂറിലെ ടെലിവിഷൻ മെക്കാനിക്കായ ഷാഹിദ് അലിയുടെയും തബസ്സും മിർസയുടെയും മകളാണ് സാനിയ മിർസ. രാജ്യത്തെ ആദ്യ മുസ്ലീം വനിതാ ഫൈറ്റർ പൈലറ്റാകാൻ ഒരുങ്ങുകയാണ് സാനിയ മിർസ. നാഷണൽ ഡിഫൻസ് അക്കാദമിയിൽ (എൻഡിഎ) 149-ാം റാങ്ക് അവർ നേടി. യുദ്ധവിമാനം പറത്തിയ ആദ്യ ഇന്ത്യൻ വനിതയായ അവനി ചതുർവേദിയാണ് സാനിയയ്ക്ക് പ്രചോദനമായത്. "ഫ്ലൈറ്റ് ലെഫ്റ്റനന്‍റ് അവനി ചതുർവേദിയിൽ നിന്ന് ഞാൻ വളരെയധികം പ്രചോദനം ഉൾക്കൊണ്ടിരുന്നു, അവരെ കണ്ടതിന് ശേഷമാണ് ഞാൻ എൻഡിഎയിൽ ചേരാൻ തീരുമാനിച്ചത്. യുവതലമുറ എന്നെങ്കിലും എന്നിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു," സാനിയ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.