ശനിയാഴ്ച പ്രവൃത്തിദിവസം, ഉച്ച വരെ ക്ലാസ്, എല്‍ പിയില്‍ ഒരു ബെഞ്ചില്‍ രണ്ടു കുട്ടികള്‍; ഉച്ചഭക്ഷണം നല്‍കുമെന്നും മന്ത്രി

ഓരോ സ്‌കൂളിനും ഒരോ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കും

തിരുവനന്തപുരം: സ്‌കൂള്‍ തുറക്കുന്നത് സംബന്ധിച്ച മാര്‍ഗരേഖ മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ടെന്നും കരട് അംഗീകരിച്ചാല്‍ ഉടന്‍ ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കുമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

സ്‌കൂളുകളില്‍ ഉച്ചവരെയാകും ക്ലാസ്, ശനിയാഴ്ച പ്രവൃത്തി ദിവസമാകും, എല്‍ പി ക്ലാസില്‍ ഒരു ബെഞ്ചില്‍ രണ്ടു കുട്ടികളെയാകും ഇരുത്തുകയെന്നും വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണം നല്‍കണമെന്നതാണ് സര്‍ക്കാരിന്റെ നയമെന്നും മന്ത്രി വ്യക്തമാക്കി. അതിനായി എല്ലാ സ്‌കൂളുകളിലും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് ഉച്ചഭക്ഷണ വിതരണത്തിനുള്ള സംവിധാനം ഉണ്ടാക്കുമെന്നും വി ശിവന്‍കുട്ടി നിയമസഭയെ അറിയിച്ചു.

സ്‌കൂളുകളില്‍ ഹെല്‍പ്പ് ലൈനും സിക്ക് റൂമും ഉണ്ടാകും. ഓരോ സ്‌കൂളിനും ഒരോ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കും. സ്‌കൂളുകള്‍ തുറക്കാതെ കിടക്കുന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. സ്‌കൂള്‍ കെട്ടിടങ്ങളിലെ ആസ്ബറ്റോസ് മാറ്റണമെന്നത് കോടതി ഉത്തരവാണ്. അതിന്റെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കിയത്. ഇതില്‍ സര്‍ക്കാര്‍ കര്‍ശന നിലപാട് സ്വീകരിച്ചിട്ടില്ല. നിലവിലെ സാഹചര്യത്തില്‍ കോടതി ഉത്തരവ് ചൂണ്ടിക്കാട്ടുകയാണ് ചെയ്തിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത സ്‌കൂളുകളിലെ ക്ലാസുകള്‍ തൊട്ടടുത്തുള്ള മറ്റൊരു സ്‌കൂളില്‍ നടത്താനും ആലോചനയുണ്ട്. എല്ലാ വശങ്ങളും പരിശോധിച്ച് മാത്രമായിരിക്കും നടപടികളെന്നും മന്ത്രി പറഞ്ഞു.

സ്‌കൂള്‍ കേന്ദ്രീകരിച്ച് രൂപീകരിക്കുന്ന ജനകീയ സമിതിയുടെ നേതൃത്വത്തില്‍ വിദ്യാലയങ്ങള്‍ ശുചീകരിക്കാനും അണുവിമുക്തമാക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിന് രാഷ്ട്രീയപാര്‍ട്ടികള്‍, എം എല്‍ എമാര്‍, തദ്ദേശ സ്ഥാപന പ്രതിനിധികളുമെല്ലാം മികച്ച പിന്തുണ നല്‍കുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു. സ്‌കൂള്‍ വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിക്കുന്നതിന് പി ടി എയുടെയും നാട്ടുകാരുടെയും സഹകരണം വേണമെന്നും മന്ത്രി പറഞ്ഞു.

Related Posts