ഹോപ്പ് ഫെസ്റ്റ് ഔദ്യോഗിക ഉദ്ഘാടനവും ഇറ്റ്‌ഫോക്ക് ഫോട്ടോപ്രദര്‍ശനോദ്ഘാടനവും ഡിസംബര്‍ 25 ന് റവന്യു വകുപ്പ് മന്ത്രി നിര്‍വഹിക്കും
തൃശ്ശൂർ: സംഗീതവും വാദ്യവും ചെറുനാടകങ്ങളും ഉള്‍പ്പെടുത്തി കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന ഹോപ്പ് ഫെസ്റ്റിന്‍റെ ഔദ്യോഗിക ഉദ്ഘാടനവും ഇറ്റ്‌ഫോക്ക് ഫോട്ടോ പ്രദര്‍ശനോദ്ഘാടനവും ഡിസംബര്‍ 25 ന് വൈകീട്ട് 6.30 ന് അക്കാദമി അങ്കണത്തിലെ അനില്‍ നെടുമങ്ങാട് വേദിയില്‍ റവന്യു വകുപ്പ്മന്ത്രി കെ രാജന്‍ നിര്‍വഹിക്കും.ഡിസംബര്‍ 29 മുതല്‍ 31 വരെ സംഗീതവും വാദ്യവും ചെറുനാടകങ്ങളും ഉള്‍പ്പെടുത്തി അക്കാദമി സംഘടിപ്പിക്കുന്ന ഹ്രസ്വ വര്‍ഷാന്ത മേളയാണ് ഹോപ്പ് ഫെസ്റ്റ്. ഹോപ്പ്ഫെസ്റ്റിന് മുന്നോടിയായാണ് ഇറ്റ്‌ഫോക്ക് ഫോട്ടോ പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. ഉദ്ഘാടന ചടങ്ങില്‍ പി ബാലചന്ദ്രന്‍ എം എല്‍ എ അധ്യക്ഷത വഹിക്കും. അക്കാദമി വൈസ്ചെയര്‍മാന്‍ സേവ്യര്‍ പുല്‍പ്പാട്ട്, അക്കാദമി സെക്രട്ടറി ഡോ. പ്രഭാകരന്‍ പഴശ്ശി എന്നിവര്‍ പരിപാടിയില്‍ സംബന്ധിക്കും. തുടര്‍ന്ന് കലാസ്വാദര്‍ക്കായി പ്രശസ്ത തബല വാദകന്‍ റോഷന്‍ ഹാരിസും പോള്‍സണും നയിക്കുന്ന 'തബല സിത്താര്‍ ' പ്രത്യേക സംഗീത പരിപാടിയും അക്കാദമിയില്‍ അരങ്ങേറും.
ഇറ്റ്‌ഫോക്കിന്‍റെ കഴിഞ്ഞ 12 എഡിഷനുകളിലെ അമൂല്യ ഫോട്ടോകള്‍ ഉള്‍പ്പെടുത്തിയാണ് ഫോട്ടോ പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. കേരളത്തിന്‍റെ സാംസ്‌കാരിക ഇടത്തില്‍ അനിഷേധ്യമായ സ്ഥാനമുള്ള ഇറ്റ്‌ഫോക്കിന്‍റെ നാള്‍വഴിയെ കുറിച്ചുള്ള ഫോട്ടോ പ്രദര്‍ശനം വിദ്യാര്‍ത്ഥികള്‍ക്കും നാടകപ്രേമികള്‍ക്കും കലാസ്വാദര്‍ക്കും ഒരുപോലെ ഗുണം ചെയ്യും. രാവിലെ 11 മുതല്‍ രാത്രി ഒന്‍പത് വരെയാണ് പ്രദര്‍ശനം.ഡിസംബര്‍ 25 ന് ആരംഭിക്കുന്ന ഫോട്ടോ പ്രദര്‍ശനം 2022 ജനുവരി അഞ്ചിന് സമാപിക്കും
ഹോപ്പ് ഫെസ്റ്റിലേക്കുള്ള പ്രവേശനം സൗജന്യ പാസ്സ് മുഖേന
കേരള സംഗീത നാടക അക്കാദമി സംഗീതവും വാദ്യവും ചെറുനാടകങ്ങളും ഉള്‍പ്പെടുത്തി ഡിസംബര്‍ 29 മുതല്‍ 31 വരെ സംഘടിപ്പിക്കുന്ന ഹ്രസ്വ വര്‍ഷാന്ത മേളയായ ഹോപ്പ് ഫെസ്റ്റിലേക്കുള്ള പ്രവേശനം സൗജന്യ പാസ്സ് മുഖേനേയായിരിക്കുമെന്ന് അക്കാദമി സെക്രട്ടറി ഡോ പ്രഭാകരന്‍ പഴശ്ശി അറിയിച്ചു. കൊവിഡ് ഭീഷണി പൂര്‍ണ്ണമായും വിട്ടൊഴിയാത്തതിനാല്‍, കൊവിഡ് ചട്ടങ്ങള്‍ പാലിച്ചുമാത്രമേ കാണികളെ മേളയിലേക്ക് പ്രവേശിപ്പിക്കുകയുള്ളു. ഓരോ ദിവസവും ഷോ ആരംഭിക്കുന്നതിന് രണ്ട് മണിക്കൂര്‍ മുന്‍പേ സൗജന്യ പാസ്സ് വിതരണം ചെയ്യും. ഒരേസമയം ഭരത് മുരളി ഓപ്പണ്‍ എയര്‍ തിയ്യറ്ററില്‍ 200 പേരെയും ബ്ലാക്ക് ബോക്സില്‍ 100 പേരെയും കെ ടി മുഹമ്മദ് സ്മാരക തിയ്യറ്ററില്‍ 150 പേരെയുമാണ് പ്രവേശിപ്പിക്കുക.