കേരളത്തിൽ എല്ലായിടത്തും കൊവിഡ് രോഗികളുടെ എണ്ണം കൂടുമ്പോഴും ഒരാൾക്ക് പോലും കൊവിഡ് ഇല്ലാത്ത ഒരു പഞ്ചായത്ത് കേരളത്തിലുണ്ട്.
കൊവിഡിന് വഴിയടച്ച കേരളത്തിലെ ഏക പഞ്ചായത്ത്; ഇടമലക്കുടി.

സംസ്ഥാനത്തെ ഏക ഗോത്ര പഞ്ചായത്തായ ഇടമലക്കുടി. സംസ്ഥാനം ലോക് ഡൗണിലേക്ക് പോകുന്നതിന് മുൻപ് സ്വയം ലോക് ഡൗൺ പ്രഖ്യാപിച്ചാണ് ഇടുക്കി ജില്ലയിലെ ഈ പഞ്ചായത്ത് കൊവിഡ് മുക്തം ആയത്.
വനത്താൽ ചുറ്റപ്പെട്ട ഇടമലക്കുടിയിൽ 26 കുടികളിലായി രണ്ടായിരത്തിലധികം ആളുകളാണ് താമസിക്കുന്നത്. ഇടമലക്കുടിയിൽ എത്താൻ കാട്ടുപാതയിലൂടെ കിലോമീറ്ററുകൾ നടക്കണം എന്നതിനാൽ പുറത്ത് നിന്നുള്ളവർ സാധാരണ ഇവിടേക്ക് വരാറില്ല. കൊവിഡ് വ്യാപനം രൂക്ഷമായപ്പോൾ പഞ്ചായത്തും ഊരു മൂപ്പൻമ്മാരും ചേർന്ന് പുറത്തുനിന്നുള്ളവരെ ഇടമലക്കുടിയിലേക്ക് പ്രവേശിപ്പിക്കേണ്ട എന്ന് തീരുമാനം എടുത്തു.അതുകൊണ്ട് പഞ്ചായത്ത് ഇപ്പോൾ നൂറ് ശതമാനം കൊവിഡ് മുക്തമാണ്.
വനംവകുപ്പിന്റെ അനുവാദമില്ലാതെ ഇടമലക്കുടിയിലേക്ക് നിലവിൽ പ്രവേശനം സാധ്യമല്ല. ജില്ലാ ഭരണകൂടവുമായി ആലോചിച്ച് ഇടമലക്കുടിയിൽ വാക്‌സിൻ വിതരണം സാധ്യമാക്കാനുള്ള തയ്യാറെടുപ്പിലാണ് ആരോഗ്യവകുപ്പ്.