മൃഗസംരക്ഷണ മേഖലയില്‍ പുതിയ മാറ്റങ്ങള്‍; മന്ത്രി ചിഞ്ചുറാണി.
കുന്നംകുളത്ത് ഹൈടെക് പന്നിവളര്‍ത്തല്‍ കേന്ദ്രം ഉദ്ഘാടനം ചെയ്തു.

കുന്നംകുളം: സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തി മൃഗസംരക്ഷണ വകുപ്പ് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ പൂര്‍ത്തീകരിച്ച കുന്നംകുളത്തെ ഹൈടെക് പന്നിവളര്‍ത്തല്‍ കേന്ദ്രം മൃഗസംരക്ഷണ - ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. മൃഗസംരക്ഷണ മേഖലയില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് മന്ത്രി പറഞ്ഞു. വകുപ്പിന്റെ സാധ്യതകളെ കണ്ടറിഞ്ഞ് തികച്ചും ആധുനിക രീതിയിലാകും പ്രവര്‍ത്തിക്കുക. കര്‍ഷകര്‍ക്ക് ഗുണം ലഭിക്കുന്ന കാര്യങ്ങളില്‍ സര്‍ക്കാര്‍ അലംഭാവം കാണിക്കുകയില്ലെന്നും മന്ത്രി വ്യക്തമാക്കി. എ സി മൊയ്തീന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു.
മൃഗസംരക്ഷണ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. കെ എം സാബു പദ്ധതി വിശദീകരിച്ചു. കുന്നംകുളം നഗരസഭ ചെയര്‍പേഴ്‌സണ്‍ സീതാ രവീന്ദ്രന്‍ താക്കോല്‍ കൈമാറ്റം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി കെ ഡേവിസ്, വൈസ് പ്രസിഡണ്ട് ഷീന പറയങ്ങാട്ടില്‍, നഗരസഭ വൈസ് ചെയര്‍മാന്‍ സൗമ്യ അനിലന്‍, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷമാരായ എ വി വല്ലഭന്‍, കെ എസ് ജയ, വാര്‍ഡ് കൗണ്‍സിലര്‍ പ്രസുന്ന രോഷിത് തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി കെ ഡേവീസ് സ്വാഗതവും ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ഒ ജെ സുരജ നന്ദിയും പറഞ്ഞു.
സംസ്ഥാന മൃഗ സംരക്ഷണ വകുപ്പിന്റെ പദ്ധതി വിഹിതമായ 23.5 ലക്ഷം രൂപയും ജില്ലാ പഞ്ചായത്ത് ജനകീയാസൂത്രണം 2018-19 പരിപാടിയില്‍ ഉള്‍പ്പെടുത്തിയ 42.5 ലക്ഷം രൂപയും ഉപയോഗിച്ചാണ് ഹൈടെക് പന്നിവളര്‍ത്തല്‍ കേന്ദ്രത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചത്.