ആക്ട്സ് തൃപ്രയാർ ബ്രാഞ്ച് ആംബുലൻസ് പ്രവർത്തനം പുനരാരംഭിച്ചു
തൃപ്രയാർ: ആക്ട്സ് തൃപ്രയാർ ബ്രാഞ്ച് ആംബുലൻസ് പ്രവർത്തനം പുനരാരംഭിച്ചു. കൊവിഡ് രണ്ടാം തരംഗത്തിൽ ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങളിൽ അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തുമായി സഹകരിച്ച് 2021 മെയ് 7 മുതൽ സെപ്റ്റംബർ 30 വരെയും കൊവിഡിനെതിരെയുള്ള സേവനപ്രവർത്തനങ്ങളിലായിരുന്നു ആംബുലൻസ് പ്രവർത്തിച്ചിരുന്നത്.
നാട്ടിക ഗ്രാമപഞ്ചായത്തിന് മുൻവശത്ത് സംഘടിപ്പിച്ച ലളിതമായ ചടങ്ങിൽ നാട്ടിക എം എൽ എ. സി സി മുകുന്ദൻ ഫ്ലാഗ് ഓഫ് കർമ്മം നിർവ്വഹിച്ചു. കൊവിഡ് രണ്ടാം തരംഗത്തിൽ രോഗികളുടെ എണ്ണം ക്രമാതീതമായി കൂടിവന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് സജ്ജമാക്കിയ ഡി സി സി, സി എഫ് എൽ ടി സി, മറ്റു വിദഗ്ധ ആശുപത്രികൾ എന്നിവടങ്ങളിലേക്ക് കൂടുതൽ രോഗികളെ മാറ്റേണ്ടതായി വന്നപ്പോൾ അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് ആക്ട്സ് ആംബുലൻസ് ഏറ്റെടുത്തുകൊണ്ട് നൽകിയ 24 മണിക്കൂർ സൗജന്യ സേവനം ജനങ്ങൾക്കും ആരോഗ്യപ്രവർത്തകർക്കും ഏറെ ഗുണകരമായിരുന്നു എന്ന് സി സി മുകുന്ദൻ എം എൽ എ പറഞ്ഞു.
ആക്ട്സ് പ്രസിഡന്റ് പി ജി നായർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ കെ ബി ഷൺമുഖൻ, വാർഡുമെമ്പർമാരായ സുരേഷ് ഈയ്യാനി, ശ്രീദേവി മാധവൻ, ആക്ട്സ് ഭാരവാഹികളായ മുഖ്യരക്ഷാധികാരി പി വിനു, സെക്രട്ടറി സുനിൽ പാറമ്പിൽ, ട്രഷറർ എം കെ ബഷീർ കൺവീനർ പ്രേംലാൽ വലപ്പാട് എന്നിവർ സംസാരിച്ചു. ആക്ട്സ് വൈസ് പ്രസിഡന്റ് കെ എ ഷൗക്കത്ത് അലി നന്ദി രേഖപ്പെടുത്തി.