തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ സ്ഥാപിച്ച സ്വയം നിയന്ത്രിത സുരക്ഷാ ഗേറ്റ് ജില്ലാ കളക്ടർ നാടിനു സമർപ്പിച്ചു.

മണപ്പുറം ഫിനാൻസിന്റെ നേതൃത്വത്തിലാണ് സുരക്ഷാ ഗേറ്റ് സ്ഥാപിച്ചത്.

തൃശ്ശൂർ: മണപ്പുറം ഫിനാൻസിന്റെ നേതൃത്വത്തിൽ തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ സ്ഥാപിച്ച സ്വയം നിയന്ത്രിത സുരക്ഷാ ഗേറ്റ് ജില്ലാ കളക്ടർ ഹരിത.വി.കുമാർ ഐ.എ.എസ് പൊതുജനങ്ങൾക്കായി സമർപ്പിച്ചു. മണപ്പുറം ഗ്രൂപ്പ്‌ കോ-പ്രൊമോട്ടറും, ലയൺസ്‌ ക്ലബ് ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവർണറുമായ സുഷമ നന്ദകുമാർ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ഇതോടെ തൃശൂർ റെയിൽവേ സ്റ്റേഷനും ഇന്ത്യയിലെ തന്നെ സ്വയം നിയന്ത്രണ സുരക്ഷാ ഗേറ്റ് ഉള്ള ചുരുക്കം റെയിൽവേ സ്റ്റേഷനുകളുടെ പട്ടികയിൽ ഇടം പിടിച്ചു.

സ്വയം നിയന്ത്രിത ഗേറ്റ് സ്ഥാപിച്ചതോടെ റെയിൽവേ സുരക്ഷാ ഉദ്യോഗസ്ഥർക്ക് യാത്രക്കാരുടെ അടുത്തെത്തിയുള്ള പരിശോധന പൂർണമായും ഒഴിവാക്കാൻ സാധിക്കും. സുരക്ഷാ ഗേറ്റ് വഴി കടന്നു പോകുന്ന എല്ലാ യാത്രക്കാരുടേയും ഫോട്ടോ, ശരീര താപ നില, ആകെ ആളുകളുടെ എണ്ണം തുടങ്ങിയ വിവരങ്ങൾ റെയിൽവേ അതോറിറ്റിക്കും, ആരോഗ്യ വകുപ്പിനും ലഭിക്കും. നിലവിലെ കൂട്ടം കൂടി നിന്നു പ്ലാറ്റ് ഫോമിലേക്ക് കയറുന്ന സാഹചര്യം മാറാനും ഈ അത്യാധുനിക സംവിധാനം വഴിയൊരുക്കും.

കൊവിഡ് വ്യാപനം നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ നാടിനു നന്മയേകുന്ന ഇത്തരം അത്യാധുനിക സൗകര്യങ്ങൾ പൊതു ഇടങ്ങളിലൊരുക്കുന്ന മണപ്പുറം ഫിനാൻസിന്റെ പ്രവർത്തനങ്ങളെ ജില്ലാ കളക്ടർ ഉദ്‌ഘാടനവേളയിൽ അനുമോദിച്ചു.

കൊവിഡിന് ശേഷവും റെയിൽവേ സുരക്ഷാ സേനക്ക് യാത്രക്കാരുടെ നിയന്ത്രണത്തിന് അനുയോജ്യമായ തരത്തിലും, നിർമിത ബുദ്ധി വഴി സ്വയം നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന രീതിയിലുള്ള അത്യാധുനിക സംവിധാനമാണ് തൃശൂർ റെയിൽവേ സ്റ്റേഷനിൽ സജ്ജമായിരിക്കുന്നത്. യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ് മണപ്പുറം ഫിനാൻസിന് വേണ്ടി നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു നൽകിയത്.

മണപ്പുറം ഫൗണ്ടേഷൻ സി.ഇ.ഒ ജോർജ്.ഡി.ദാസ്, മണപ്പുറം ഫിനാന്‍സ് ചീഫ് പി.ആര്‍.ഒ സനോജ് ഹെര്‍ബര്‍ട്ട്, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, സീനിയര്‍ പി.ആര്‍.ഒ കെ.എം.അഷ്‌റഫ്, തൃശൂർ റെയിൽവേ സ്റ്റേഷൻ സ്റ്റേഷൻ മാസ്റ്റർ ജയകുമാർ, ലയൺസ് ഡിസ്ട്രിക്ട് 318ഡിയുടെ ജില്ലാ പി.ആർ.ഓ യും അഡിഷണൽ സെക്രട്ടറിയുമായ കെ.കെ.സജീവ് കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Related Posts