ഇന്ന് ഡോ.ബാബാ സാഹിബ് അംബേദ്കറുടെ 62–ാം ചരമദിനം
ഇന്ത്യൻ ഭരണഘടനയുടെ മുഖ്യ ശില്പിയായ ഡോ. ഭീംറാവു അംബേദ്കറുടെ 62–ാം ചരമദിനമാണ് ഇന്ന്. അംബേദ്കർ ചരമദിനം മഹാപരിനിർവാൺ ദിനമായി ആചരിക്കുന്നു. ഈ കാലഘട്ടത്തിലും ഇന്ത്യയിൽനിന്ന് ജാതിവിവേചനങ്ങളുടെ വാർത്തകൾ പുറത്തുവരുമ്പോൾ ഡോ. അംബേദ്കറുടെ ആശയങ്ങൾക്ക് പ്രസക്തിയേറുന്നു. 1891 ഏപ്രിൽ 14-ന് മഹാരാക്ഷ്ട്രയിലെ രത്നഗിരി ജില്ലയിൽ അംബാവാഡി ഗ്രാമത്തിൽ രാംജി മലോജി സക്പാൽ അംബേദ്കറുടെയും ഭീമാബായിയുടെയും മകനായി ദളിത് കുടുംബത്തിൽ ജനിച്ച അംബേദ്കർ ജാതിവ്യവസ്ഥക്കും അയിത്തത്തിനുമെതിരെ പോരാട്ടം നടത്തിക്കൊണ്ടാണ് സാമൂഹ്യജീവിതം ആരംഭിച്ചത്. മഹർ സമുദായത്തിൽ നിന്ന് വരുന്ന അംബേദ്കറുടെ കുട്ടിക്കാലത്തെ വിദ്യാഭ്യാസം ജാതി വിവേചനങ്ങൾ നേരിട്ടുകൊണ്ടായിരുന്നു. അ കാലഘട്ടത്തിൽ ആദ്യമായാണ് മഹർ സമുദായത്തിലെ ഒരു കുട്ടിക്ക് വിദ്യാഭ്യാസം വിജയകരമായി പൂർത്തിയാക്കുവാൻ സാധിച്ചത്. സമർത്ഥരായ ഏതാനും വിദ്യാർത്ഥികളെ അമേരിക്കയിലെ കൊളംബിയ യൂണിവേഴ്സിറ്റിയിൽ വിട്ടു പഠിപ്പിക്കാൻ ബറോഡാ രാജാവ് തീരുമാനിച്ചക്കൂട്ടത്തിൽ അംബേദ്കറുടെ പെരും ഉണ്ടായിരുന്നു. 1915-ൽ അമേരിക്കയിലെ പ്രശസ്തമായ കൊളംബിയ യൂണിവേഴ്സിറ്റിയിൽനിന്ന് ധനതത്ത്വശാസ്ത്രത്തിൽ ബിരുദാനന്തരബിരുദവും പിന്നീട് ഗവേഷണബിരുദവും നേടി. മഹാരാഷ്ട്രയിലെ 'മഹദ്' എന്ന പ്രദേശത്ത് പൊതുജലസംഭരണിയിൽ നിന്ന് വെള്ളമെടുക്കാനുള്ള അവകാശത്തിനായും ജാതിവ്യവസ്ഥയ്ക്കും തൊട്ടുകൂടായ്മയ്‌ക്കെതിരെയും 1927 മാർച്ച് 20-ന് അംബേദ്കറുടെ നേതൃത്വത്തിൽ 'മഹദ് സത്യാഗ്രഹം' നടന്നു. വിവേചനങ്ങൾക്കെതിരെ 1927 ഡിസംബർ 25ന് അംബേദ്കറുടെ നേതൃത്വത്തിൽ മനുസ്മൃതി പരസ്യമായി കത്തിച്ചു. 1947-ൽ അംബേദ്കർ ഭാരതത്തിന്റെ ആദ്യ നിയമമന്ത്രിയായും ഭരണഘടനാകമ്മറ്റിയുടെ ചെയർമാനായും തിരഞ്ഞെടുക്കപ്പെട്ടു. 1956 ഒക്ടോബർ 14-ന് അംബേദ്കറും ദളിത് അനുയായികളും ബുദ്ധമതം സ്വീകരിച്ചു. ഇന്ത്യയിൽ ദളിത് ബുദ്ധമത പ്രസ്ഥാനം ആരംഭിച്ചത് അംബേദ്കർ ആണെന്ന് വിശ്വസിക്കപ്പെടുന്നു. അറുപത്തിയഞ്ചാമത്തെ വയസ്സിൽ 1956 ഡിസംബർ 6-ന് അംബേദ്കർ അന്തരിച്ചു. 1990 ൽ ഇന്ത്യയുടെ പരമോന്നത പൗരബഹുമതിയായ ഭാരതരത്ന മരണാനന്തര ബഹുമതിയായി അംബേദ്കറിന് സമ്മാനിച്ചു.