കേരളത്തിലെ ഏറ്റവും വലിയ മൾട്ടിപ്ലക്സ് സിൽവർ സ്ക്രീൻ തൃപ്രയാറിൽ
തൃപ്രയാർ : തൃശൂർ ജില്ലയിലെ രണ്ടാമത്തെ മൾട്ടിപ്ലക്സ് തീയേറ്റർ കോംപ്ലക്സ് വി ബി മാൾ ആൻഡ് സിനിമാസ് ഇന്ന് നാടിന് സമർപ്പിച്ചു.
മാനേജിങ് ഡയറക്ടർ സൈജു കാനാടി അധ്യക്ഷത വഹിച്ച ചടങ്ങിൽ കനാടികാവ് മഠാധിപതി ഡോ. കെ കെ വിഷ്ണു ഭാരതീയ സ്വാമി ഉദ്ഘാടനം നിർവ്വഹിച്ചു . ഉദ്ഘാടന ചടങ്ങിൽ കാനാടി കുടുംബാംഗങ്ങളും സന്നിഹിതരായിരുന്നു .
മുകൾ നിലയിലെ സിനിമാ തീയേറ്റർ സമുച്ചയം ഫിലിം പ്രൊഡ്യൂസർ സിയാദ് കോക്കർ നാട മുറിച്ച് ഉദ്ഘാടനം ചെയ്തു. ഫിലിം പ്രൊഡ്യൂസർ എം രജ്ഞിത്ത്, മുൻമന്ത്രി അഡ്വക്കറ്റ് സുനിൽകുമാർ, എം എം ഹംസ (ഡിസ്ട്രിബൂഷൻ ജനറൽ സെക്രട്ടറി), ബി ആർ ജേക്കബ് (ഫിലിം ചേംബർ ഓഫ് കൊമേഴ്സ് സെക്രട്ടറി) എന്നിവർ ചേർന്ന് മറ്റ് തീയേറ്ററുകളും ഭദ്രദീപം കൊളുത്തി ഉദ്ഘാടന കർമം നിർവഹിച്ചു.
സിനിമ- സാമൂഹ്യ -സാംസ്കാരിക രംഗത്തെ പ്രഗത്ഭ വ്യക്തികൾ ചടങ്ങിൽ പങ്കെടുത്തു.
മെട്രോ നഗരങ്ങളിലെ സിനിമ തീയറ്ററുകൾകൊപ്പം കിടപിടിക്കാവുന്ന മികച്ച സാങ്കേതികവിദ്യ ഉൾകൊള്ളുന്ന മൂന്ന് തീയറ്ററുകൾ ആണ് മാളിൽ ഉള്ളത്. ജില്ലയിലെ രണ്ടാമത്തെ മൾട്ടിപ്ലക്സ് ആണിത്. ആധുനിക സംവിധാനങ്ങൾ ഇവിടെ ഏർപെടുത്തിയിട്ടുണ്ട് . മൂന്നു തീയേറ്ററുകളിലായി മൊത്തം 550 സീറ്റുകളാണ് പ്രേക്ഷകർക്കായി ഒരുക്കിയിട്ടുള്ളത്.
കേരളത്തിലെ ഏറ്റവും വലിയ മൾട്ടിപ്ലക്സ് സിൽവർ സ്ക്രീൻ, ഫുൾ വേർഷൻ ഡോൾബി അറ്റ്മോസ് സൗണ്ട് സിസ്റ്റം, ഓൺലൈൻ ബുക്കിങ് സംവിധാനം, പുതിയ 4k ആർ ജി ബി ലേസർ പ്രൊജക്ടർ എന്നിവ ആണ് തിയേറ്ററുകളുടെ ഹൈലൈറ്റ് . മനോഹരമായ ഇൻറ്റീരിയർ ഡിസൈനും ലൈറ്റിംഗ് സംവിധാനങ്ങളും മാളിനെയും തിയറ്ററിനെയും കൂടുതൽ ആകർഷകമാക്കുന്നു.
കൂടാതെ ഫാമിലി ഷോപ്പിംഗ് സാധ്യമാകുന്ന എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഹൈപ്പർമാർക്കറ്റ്, ഇന്ത്യൻ ചൈനീസ് കോണ്ടിനെന്റൽ വിഭവങ്ങളൊരുക്കി രുചിയുടെ വിസ്മയ ലോകം തീർക്കുന്ന ഫുഡ് കോർട്ട് , കുട്ടികൾക്കായി പ്ലേ സോൺ എന്നിവയും ഉൾപ്പെടുത്തിയാണ് മാളിൻറെ പ്രവർത്തനം.
ഡിസംബർ 2 നു മോഹൻലാൽ ചിത്രം മരക്കാർ റിലീസോടെ ആയിരിക്കും തീയേറ്ററും, മാളും തുറന്നു പ്രവർത്തനമാരംഭിക്കുന്നതെന്ന് മാനേജിങ് ഡയറക്ടർ സൈജു കാനാടി, ഡയറക്ടർമാരായ കൃഷ്ണരാജ് കാനാടി, കൃഷ്ണൻ കാനാടി,സുനിൽ ചന്ദ്രൻ, അനിൽചന്ദ്രൻ എന്നിവർ അറിയിച്ചു.