മലപ്പുറം ഡിസിസി പ്രസിഡന്റും നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥിയുമായ വി വി പ്രകാശ് അന്തരിച്ചു.
പ്രമുഖ കോൺഗ്രസ് നേതാവ് വി വി പ്രകാശ് അന്തരിച്ചു.
മലപ്പുറം:
മലപ്പുറം ഡിസിസി പ്രസിഡന്റും നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥിയുമായ വി വി പ്രകാശ് (56) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് ഇന്ന് പുലർച്ചെ 5നായിരുന്നു അന്ത്യം. മൃതദേഹം മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ. കെപിസിസി സെക്രട്ടറി, യൂത്ത് കോൺഗ്രസ്, കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി, ജില്ല പ്രസിഡന്റ്, സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റി അംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
കര്‍ഷകനായിരുന്ന കുന്നുമ്മല്‍ കൃഷ്ണൻ നായര്‍-സരോജിനിയമ്മ ദമ്പതികളുടെ മകനായി എടക്കരയിലാണ് വി വി പ്രകാശ് ജനിച്ചത്. എടക്കര ഗവൺമെന്‍റ് ഹൈസ്കൂളിലും ചുങ്കത്തറ എം പി എം ഹൈസ്കൂളിലുമായി സ്കൂള്‍ പഠനം പൂർത്തിയാക്കി. മമ്പാട് എം ഇ എസ് കോളേജിലും മഞ്ചേരി എൻ എസ് എസ് കോളേജിലുമായി കോളേജ് വിദ്യഭ്യാസം. കോഴിക്കോട് ഗവണ്‍മെന്‍റ് ലോ കോളേജില്‍ നിന്ന് നിയമ ബിരുദവും കോഴിക്കോട് സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.
ഹൈസ്കൂള്‍ പഠന കാലത്ത് തന്നെ കെ എസ് യു പ്രവർത്തകനായ വി വി പ്രകാശ് കെ സി വേണുഗോപാല്‍ പ്രസിഡണ്ടായ സംസ്ഥാന യൂത്ത് കോൺഗ്രസ് കമ്മിറ്റിയില്‍ ജനറല്‍ സെക്രട്ടറിയായിരുന്നു. കെ മുരളീധരനും രമേശ് ചെന്നിത്തലയും പ്രസിഡണ്ടായ കെ.പി.സി.സി കമ്മിറ്റികളില്‍ സെക്രട്ടറിയായ ഇദ്ദേഹം നാലു വര്‍ഷം മുമ്പ് മലപ്പുറം ജില്ലാ കോൺഗ്രസ് പ്രസിഡണ്ടായി നിയമിതനായി.
സംഘടനാ പദവികള്‍ക്കിടെ കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് അംഗം, കെ എസ് ആര്‍ ടി സി ഡയറക്ടര്‍, എഫ് സി ഐ അഡ്വൈസറി ബോര്‍ഡ് അംഗം, ഫിലിം സെൻസര്‍ ബോര്‍ഡ് അംഗം, എടക്കര ഗ്രാമ പഞ്ചായത്ത് അംഗം, എടക്കര ഈസ്റ്റ് ഏറനാട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.
കൊവിഡ് പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളോടെയായിരിക്കും സംസ്കാരം. സംസ്‌കാരം വൈകീട്ട് 3ന് എടക്കരയില്‍. എടക്കര ഈസ്റ്റ് ഏറനാട് സർവീസ് സഹകരണ ബാങ്ക് ജീവനക്കാരിയായ സ്മിതയാണു ഭാര്യ. നന്ദന പ്രകാശ്, നിള പ്രകാശ് എന്നിവർ മക്കളാണ്.